ആര്‍.കെ നഗര്‍; 3 മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല; 6 പേരെ പുറത്താക്കി

ആര്‍കെ നഗറിലുണ്ടായ ഞെട്ടിക്കുന്ന തോല്‍വിയെത്തുടര്‍ന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തില്‍ പൊട്ടിത്തെറി. ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടു നിന്നു. ദണ്ഡിഗല്‍ ശ്രീനിവാസന്‍, കടമ്പൂര്‍ രാജു, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.

ഇതിനിടെ ആര്‍.കെ നഗറില്‍ ദിനകരനെ സഹായിച്ച ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എസ്.വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്‍, ഷോളിങ് പ്രതിഭാന്‍ എന്നിവരെയാണ് പുറത്താക്കിയത്. പുറത്താക്കിയവരില്‍ രണ്ടു പേര്‍ ദിനകരന്റെ അടുത്ത അനുയായികളാണ്. അണ്ണാഡിഎംകെ ചെന്നൈ ജില്ലാ സെക്രട്ടറി പി.വെട്രിവേല്‍, തേനി ജില്ലാ സെക്രട്ടറി തങ്കതമിഴ് സെല്‍വന്‍ എന്നിവരെയാണു പുറത്താക്കിയത്.

എന്നാല്‍ പുറത്താക്കിയവരെല്ലാം തന്നെ നേരത്തേ ദിനകരനു പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇരുവിഭാഗമായി പിരിഞ്ഞെങ്കിലും ദിനകരനെ പിന്തുണയ്ക്കുന്ന പലരും ഇപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുണ്ട്. യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പളനിസ്വാമി ആര്‍.കെ നഗറിലുണ്ടായത് തിരിച്ചടിയല്ലെന്നും അത് ദിനകരന്റ മായാജാലമാണെന്നും ചൂണ്ടിക്കാട്ടി. ആര്‍.കെ നഗറിലെ ഫലം സര്‍ക്കാരിന് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

മൂന്ന് മാസം കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ താഴെ വീഴുമെന്നായിരുന്നു ഫലം വന്ന ശേഷം ദിനകരന്‍ പ്രതികരിച്ചത്. നിലവില്‍ ദിനകരനോടൊപ്പം ആരും പോയിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ക്ക് ഉറപ്പില്ല. ഈയൊരു സാഹചര്യത്തിലാണ് പുറത്താക്കല്‍.