വാഹനനികുതി തട്ടിപ്പ് ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
പോണ്ടിചേരി: വാഹന രജിസ്ട്രേഷന് കേസില്‍ സിനിമാതാരം ഫഹദ് ഫാസിലിനെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസ് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി ഫഹദിനെ ഇന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ആള് ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമായി താരത്തിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.
എത്ര പിഴയടക്കാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം ക്രൈംബ്രഞ്ചിനെ അറിയിച്ചു. അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്ട്രേഷന് സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഫഹദ് പറഞ്ഞതായാണ് വിവരം.
പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോൾത്തന്നെ റജിസ്ട്രേഷൻ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സർക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്തെന്നു ഫഹദിന്റെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചിരുന്നു.
ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പിൽനിന്നു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും വാങ്ങി. അഭിനയത്തിന്റെ തിരക്കിനിടയിൽ വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തിൽ മോട്ടോർ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടൻ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനൽ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരുവരുടെയും വിശദീകരണം തേടിയതിനു ശേഷമായിരിക്കും കേസെടുക്കുക. ഈ സാഹചര്യത്തിലാണ് ഫഹദ് ഹാജരായത്.
ആലപ്പുഴയിലെ വിലാസത്തിൽ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയിൽ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.