അമ്മയും ഭാര്യയും കുല്‍ഭൂഷണ്‍ ജാധവിനെ കണ്ടു ; കുടുംബത്തിന്‍റേത് അവസാന കൂടിക്കാഴ്ചയാകില്ലെന്ന് പാക്കിസ്ഥാന്‍
ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാധവിനെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു. ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങ്ങിനൊപ്പമാണ് കുല്‍ഭൂഷണ്‍ ജാധവിന്റെ ഭാര്യ ചേതന്‍കുല്‍ യാദവും അമ്മ അവന്തി ജാധവും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ഇന്നുച്ചയോടെ ആയിരുന്നു കൂടിക്കാഴ്ച. മുപ്പതു മിനുട്ടോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ആദ്യമായാണ് ഇവര്‍ക്ക് കുല്‍ഭൂഷണെ കാണാന്‍ അവസരം അനുവദിച്ചത്. മാര്‍ച്ച് 2016 ന് പാക് പിടിയിലായതിന് ശേഷം ഇതാദ്യമായാണ് കുടുംബത്തിന് കുല്‍ഭൂഷണെ കാണാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കുന്നത്.
അതേസമയം ഇത് അവസാത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പറയുന്നു. ഇരുവര്‍ക്കും കുല്‍ഭൂഷനെ കാണാന്‍ വീണ്ടും അവസരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ പിറന്നാള്‍ ദിനമായതിനാലാണ് ഡിസംബര്‍ 25 തന്നെ സന്ദര്‍ശനത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ഈ സന്ദര്‍ശനാനുമതിയില്‍നിന്ന് കുല്‍ഭൂഷണ്‍ ജാദവിന്റൈ കാര്യത്തില്‍ പാക്കിസ്ഥാന്‍ നിലപാടില്‍ മാറ്റമുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണെന്നും ഫൈസല്‍ പറഞ്ഞു. ഭീകരവാദിയാണെന്ന് കുല്‍ഭൂഷന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ചാര സംഘടന റോയുടെ നിര്‍ദേശ പ്രകാരം പാകിസ്താനെ അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനുമാണ് കല്‍ഭൂഷന്‍ ശ്രമിച്ചതെന്നും മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.