സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്നു;പാര്‍വതി പോലീസില്‍ പരാതി നല്‍കി

കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കി.സൈബര്‍ ആക്രമണം നേരിടുന്നതായും സോഷ്യല്‍ മീഡിയയിലൂടെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി.

നടിയുടെ പരാതി സ്വീകരിച്ച സൈബര്‍ പോലീസ്, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്‌കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്.

നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.