നിയന്ത്രണരേഖ കടന്ന് വീണ്ടും മിന്നലാക്രമണം നടത്തി ഇന്ത്യന്‍ സേന: പാക് സൈനികരെ വധിച്ചു

ദില്ലി:പാക് ആക്രമണങ്ങളില്‍ ഇന്ത്യന്‍ ജവാന്മാര്‍ വീര മൃത്യു വരിച്ചതിനു പിന്നാലെ ശക്തമായ പ്രത്യാക്രമണവുമായി ഇന്ത്യന്‍ സേന.ഇന്ത്യന്‍ സേന നടത്തിയ ശക്തമായ തിരിച്ചടിയില്‍ നാലോളം സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്ത് അംഗങ്ങളുള്ള സൈനികസംഘമാണ് നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു സര്‍ജിക്കല്‍ സട്രൈക്കല്ലെന്നും കൃത്യമായി ചില പാക് പോസ്റ്റുകളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണം മാത്രമാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം നടത്തിയ പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമാണെന്നാണ് അനൗദ്യോഗിക വിവരങ്ങളെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മേജറടക്കം നാല് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ശിനിയാഴ്ചയാണ് പാക് സൈനികരുടെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.