കേന്ദ്രമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്

കേന്ദ്ര മന്ത്രി ആനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടന്‍ പ്രകാശ് രാജ് രംഗത്ത് വന്നത്. ‘മതേതരര്‍ക്ക് അറിയില്ല അവരുടെ രക്തം ഏതാണെന്ന്. നമ്മള്‍ മതേതരര്‍ എന്ന് പറയാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്, നമ്മള്‍ അത് പറയുകയും ചെയ്യും. ഭരണഘടന പലപ്പോഴും ഭേദഗതി ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം, നമ്മളും അത് ഭേദഗതി ചെയ്യും. അതിനാണ് നമ്മള്‍ അധികാരത്തില്‍ വന്നിരിക്കുന്നത്’ എന്നതായിരുന്നു ആനന്ത് ഹെഗ്ഡെയുടെ പ്രസ്താവന. ഒരാള്‍ മതേതരവാദിയാണ് എന്നതിന് സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്ന് അര്‍ഥമില്ലെന്ന് പ്രകാശ് രാജ് പറയുന്നു.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് പ്രതികരിച്ചിരിക്കുന്നത്. ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഭരണഘടനയില്‍നിന്ന് സെക്കുലര്‍ എന്ന വാക്ക് മാറ്റുമെന്ന പ്രസ്താവന മന്ത്രി  നടത്തിയത്. തൊഴില്‍, നൈപുണ്യവികസന സഹമന്ത്രിയാണ് ആനന്ദ് ഹെഗ്‌ഡേ. ഒരാളുടെ മാതൃത്വത്തേയും പിതൃത്വത്തേയും കുറിച്ച് പരാമര്‍ശം നടത്തുക വഴി ഒരു ജനപ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും തരണം താഴാന്‍ കഴിയുക എന്ന് പ്രകാശ് രാജ് ചോദിക്കുന്നു. മനുഷ്യജീവിയുടെ രക്തം ഒരാളുടെ ജാതിയോ മതവിശ്വാസമോ നിര്‍ണയിക്കുന്നില്ലെന്നും പ്രകാശ് രാജ് പറയുന്നു. അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ തന്നെയാണ് ആനന്ദ് ഹെഗ്‌ഡേ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നതും. തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസാണ് നിലവില്‍ കര്‍ണാടക ഭരിക്കുന്നത്.