മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുമെന്ന് വനിതാകമ്മീഷന്‍
കൊച്ചി: മാതാപിതാക്കളെ നടതള്ളുന്ന പ്രശ്നം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ വനിതാകമ്മീഷന്‍ ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന മെഗാഅദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. സമൂഹത്തിലെ ധാര്‍മിക മൂല്യങ്ങള്‍ കൂറഞ്ഞു വരുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ധാര്‍മികത പോലും പലര്‍ക്കും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെന്താണെന്ന് സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
വീട്ടമ്മമാര്‍ മാത്രമല്ല, ഉന്നതവിദ്യാഭ്യാസമുള്ളവരും പദവികള്‍ വഹിക്കുന്നവരുമടക്കം വനിതാകമ്മീഷനെ പ്രശ്നപരിഹാരത്തിനായി സമീപിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടു പോലും പല സ്ത്രീകള്‍ക്കും തങ്ങള്‍ക്കെതിരെ വരുന്ന മോശമായ പദപ്രയോഗങ്ങളെയോ പ്രവൃത്തികളെയോ തടുക്കാനാവുന്നില്ല. പെണ്‍മക്കള്‍ക്ക് സ്വത്തുനല്‍കാതെയിരിക്കുന്ന കേസുകളും പരിഗണനക്ക് വരുന്നുണ്ട്. കേരളത്തിലെ സ്ത്രീകള്‍ ഇപ്പോള്‍ തുറന്നു പറച്ചിലിന്റെ കാലഘട്ടത്തിലാണിപ്പോള്‍. കേരളസമൂഹത്തിന് മുഴുവനും സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനുമുള്ള ബാധ്യതയുണ്ട്.
അന്തസ്സും അഭിമാനവും സംരക്ഷിക്കാനുള്ള സന്നദ്ധത സ്ത്രീകളും അത് അനുവദിച്ചുകൊടുക്കാനുള്ള സന്നദ്ധത സമൂഹവും കാണിക്കണം. എല്ലാവരും പരമാവധി വിട്ടുവീഴ്ച മനോഭാവത്തോടെ പ്രശ്നങ്ങളെ സമീപിക്കണമെന്നും വനിതാകമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു. വനിതാകമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, ഷിജി ശിവജി, ഡയറക്ടര്‍ വി യു കുര്യാക്കോസ്, വൈഎംസിഎ പ്രസിഡന്റ് അബ്രഹാം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. 132 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 43 എണ്ണം തീര്‍പ്പാക്കി. പോലീസില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിനായി 20 എണ്ണവും ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിനായി ആറെണ്ണവും കൗണ്‍സലിങിനായി നാലെണ്ണവും അയച്ചു. അടുത്ത അദാലത്തിലേക്കായി 59 കേസുകള്‍ മാറ്റി വച്ചു. അഡ്വ ആനി പോള്‍, ഇ എം അലിയാര്‍, സ്മിതാ ഗോപി, ഡെന്‍സി മാത്യു തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.