തീരദേശത്തെ കണ്ണീരൊപ്പാന്‍ വിയന്നയില്‍ ഓഖി റിലീഫ് ലൈവ് കോണ്‍സെര്‍റ്റ്
വിയന്ന: ക്രിസ്മസിന്റെ അലകളും പുതുവര്‍ഷത്തിന്റെ ലഹരിയുമായി ലോകം കുതിക്കുമ്പോള്‍ കേരളത്തിന്റെ തീരദേശത്ത് ഇനിയും കണ്ണീര്‍ ഉണങ്ങിയിട്ടില്ല. 2018 പിറക്കുമ്പോള്‍ കടല്‍ കൊണ്ടുപോയ കൂടപ്പിറപ്പുകള്‍ സമ്മാനിച്ച ഓര്‍മ്മകളും, ഇനിയും തിരിച്ചുവരാത്തവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും മാത്രമാണ് തീരത്ത് ബാക്കിയാവുന്നത്. അവര്‍ക്കു തുണയാകാന്‍ സ്‌നേഹസാന്ത്വനത്തിന്റെ സംഗീതവുമായി വിയന്നയിലെ മലയാളികള്‍ ഒത്തുചേരുകയാണ്.
2018 ജനുവരില്‍ ഏഴാം തിയതി വൈകിട്ട് ഏഴു മണിയ്ക്ക് വിയന്നയിലെ സ്റ്റാട്ട്‌ലൗ പള്ളിയുടെ ഹാളില്‍ കടലിന്റെ മക്കളെ സഹായിക്കാന്‍ ഓഖി റിലീഫ് ലൈവ് കോണ്‍സെര്‍റ്റ് ഒരുങ്ങുകയാണ്. പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ നേതൃത്വത്തിലാണ് ലൈവ് മ്യൂസിക് ഷോ നടക്കുന്നത്. പിയാനോയില്‍ ഗവേഷണം നടത്തുന്ന ഫാ. ജാക്സണ്‍ സേവ്യയര്‍, ലീഡ് & ബാസ് ഗിറ്റാറിസ്റ്റ് പീറ്റര്‍ ഷ്രോള്‍, ആക്കൂസ്റ്റിക് ഗിറ്റാറിസ്റ്റ് ഫാ. സന്ദേശ് മാന്വല്‍, ഇറ്റലിയില്‍ നിന്നുള്ള ഡ്രമ്മര്‍ അജയ് സുബ്രമണ്യന്‍ തുടങ്ങിയവര്‍ ഓര്‍കസ്റ്റ്റ കൈകാര്യം ചെയ്യും.
ഫാ. വില്‍സണ്‍ മേച്ചേരിയ്ക്ക് പുറമെ അഞ്ചു ജോര്‍ജ്, ബ്ലെസി ബെന്നി, ജൂലിയ ചൊവൂക്കാരന്‍, ബിബിന്‍ ജോസഫ്, വിന്‍സെന്റ് പയ്യപ്പള്ളി, മനോജ് ചൊവ്വൂക്കാരന്‍ (സൗണ്ട് എഞ്ചിനീയര്‍) എന്നിവരും പങ്കെടുക്കും.
ക്രിസ്മസിനെയും പുതുവര്‍ഷത്തെയും ആഘോഷമാക്കുന്ന കടലിന്റെ മക്കള്‍ ചക്രവാളങ്ങള്‍ നോക്കി വിതുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ സാധ്യമാക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുന്നതിനുവേണ്ടിയാണ് സംഗീതസന്ധ്യയുമായി ഒരുപറ്റം കലാകാരന്മാര്‍ അണിനിരക്കുന്നതെന്ന് ഫാ. വില്‍സണ്‍ പറഞ്ഞു. മെലഡിയും, മെഡ്ലിയും, അടിപൊളി ഗാനങ്ങളും കോര്‍ത്തിണക്കി നടത്തുന്ന സംഗീതവിരുന്നാകും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ ആയിരിക്കും പരിപാടിയുടെ ദൈര്‍ഘ്യം.
പ്രവേശനം സൗജന്യമായ പരിപാടിയില്‍ ഓഖി റിലീഫ് ഫണ്ടിലേക്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സംഭാവന നല്‍കാം. കോണ്‍സെര്‍റ്റ് ഹാളില്‍ ഭക്ഷണം കഴിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളയേയും സംഘടനകളെയും പരിപാടിയിലേയ്ക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു. കോണ്‍സെര്‍റ്റുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
വേദി: സ്റ്റാട്ട്‌ലൗ ഹാള്‍, എര്‍ത്സ്‌ഹെര്‍സോഗ് കാള്‍ സ്ട്രാസെ 176, 1220 വിയന്ന
ഫാ. വില്‍സണ്‍ മേച്ചേരില്‍ (06765323704)
ഘോഷ് അഞ്ചേരില്‍ (069911320561)
തോമസ് പടിഞ്ഞാറേകാലയില്‍ (069911119979)