കുല്‍ഭൂഷനെ കാണുവാന്‍ പോയ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന്‍ അപമാനിച്ചു എന്ന് റിപ്പോര്‍ട്ട് ; ഇരുവരെയും വിവസ്ത്രരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം

ന്യൂഡല്‍ഹി: കുല്‍ ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന ആരോപണവുമായി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബം വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് . വളരെ മോശമായാണ് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പെരുമാറിയതെന്ന് കുടുംബം സുഷമസ്വരാജിനോട് പറഞ്ഞു.

അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20 നാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചത്. നേരത്തെ കുല്‍ഭൂഷന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ അത് നിഷേധിക്കുകയായിരുന്നു. കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്നലെ ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിയ കുടുംബത്തെ കൂകിവിളിച്ച് അപമാനിച്ചാണ് അവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചില ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരം സമീപനമുണ്ടായി. കുല്‍ഭൂഷനെ കണ്ണാടികൂട്ടിലിരുത്തി ആശയവിനിമയത്തിന് മാത്രം അനുമതി നല്‍കി പാക്കിസ്ഥാന്‍ മനുഷ്യാവകാശം ലംഘിച്ചുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.കുല്‍ഭൂഷണുമായുള്ള കുടുംബത്തിന്റെ സംഭാഷണം തടസ്സപ്പെടുത്തി. കുടുംബത്തെ മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ഭാര്യയുടെ കെട്ടുതാലി വരെ ഊരിവയ്പ്പിച്ചുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

44 മിനിറ്റ് നീണ്ടുന്ന കൂടിക്കാഴ്ചയില്‍ കുല്‍ഭൂഷന്‍ ജാദവുമായുള്ള സംഭാഷണത്തിലെ വിവരങ്ങള്‍ കുടുംബം സുഷമസ്വരാജിനെ അറിയിച്ചു. കുല്‍ഭൂഷന്റെ മോചനത്തിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന ഉറപ്പാണ് വിദേശകാര്യമന്ത്രി കുടുംബത്തിന് നല്‍കിയത്. സുഷമസ്വരാജിനെ കണ്ട കുടുംബം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. കുല്‍ഭൂഷന്റെ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പാണ് ജാദവിനെ കാണാന്‍ കുടുംബത്തിന് പാക്കിസ്ഥാന്‍ അനുമതി നല്‍കിയത്. പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുല്‍ഭൂഷന്‍ ജാദവ് തീവ്രവാദിയാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നും കുല്‍ഭൂഷന്‍ തന്നെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിട്ടുണ്ടെന്നും പാക് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. കൂടാതെ കുടുംബത്തെ കാണാന്‍ അനുവദിച്ചശേഷം കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ഭീകരതയുടെ പുതിയ മുഖമാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.