കോഹ്ലിയെക്കാള്‍ മികച്ചവന്‍ രോഹിത് ശര്‍മയെന്ന് മുന്‍ ഇന്ത്യന്‍ താരം

ദില്ലി:ഇപ്പോഴുള്ളതില്‍ ക്രക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി അവകാശപ്പെടാന്‍ കഴിയുന്ന ഒരേ ഒരു താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സമകാലിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത താരമാണ് കോഹ്ലിയെന്നാണ് ഏതാണ്ടെല്ലാ പ്രമുഖതാരങ്ങളുടെയും അഭിപ്രായം. എന്നാല്‍ കോഹ്ലിയെക്കാള്‍ കേമന്‍ രോഹിത് ശര്‍മയാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ഇന്ത്യന്‍ താരം.

മുന്‍ ഇന്ത്യന്‍ താരവും ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന സന്ദീപ് പാട്ടീലാണ് രോഹിതാണ് കേമന്‍ എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ കോഹ്ലിയേക്കാള്‍ കേമന്‍ രോഹിത് ആണെന്നാണ് സന്ദീപ് പാട്ടീല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ കോഹ്ലിയാണെന്നും എന്നാല്‍ ഏകദിന-ട്വന്റി20 ഫോര്‍മാറ്റുകളില്‍ രോഹിതിന്റെ പ്രതിഭയ്ക്കടുത്തെത്താന്‍ കോഹ്ലിക്ക് ആകുന്നില്ലെന്നുമാണ് പാട്ടീലിന്റെ അഭിപ്രായം. കോഹ്ലിയുടെ ആരാധകര്‍ക്ക് ഈ പ്രസ്താവന ഇഷ്ടപ്പെടില്ലെന്നും എന്നാല്‍ അതാണ് സത്യമെന്നും പാട്ടില്‍ പറയുന്നു.

‘നിശ്ചയമായും കോഹ്ലി മികച്ച ബാറ്റ്‌സ്മാനാണ്. അതില്‍ സംശയം ഒന്നുമില്ല. അദ്ദേഹമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍. എന്നാല്‍ നിയന്ത്രി ഓവര്‍ മത്സരങ്ങളിലേക്ക് വരുമ്പോള്‍ രോഹിത് കോഹ്ലിയേക്കാള്‍ കേമനാണ്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്ബരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. എന്നിരുന്നാലും ഈ വര്‍ഷം നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ രോഹിത് അവിശ്വസനീയമായ പ്രകടനമാണ് നടത്തിയത്’. പാട്ടീല്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഈ വര്‍ഷത്തെ കണക്കുകളില്‍ രോഹിതിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് കോഹ്ലി തന്നെയാണ്. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കോഹ്ലി ഇക്കാര്യത്തില്‍ ലോകതാരങ്ങളില്‍ നാലാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ നിന്ന് 75.64 റണ്‍ ശരാശരിയില്‍ 1,059 റണ്‍സാണ് കോഹ്ലിയുടെ സമ്ബാദ്യം. 11 മത്സരങ്ങളില്‍ നിന്ന് 74.50 ശരാശരിയില്‍ 1,192 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഏകദിനത്തില്‍ 26 മത്സരങ്ങളില്‍ നിന്ന് 76.84 ശരാശരിയില്‍ 1,460 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ആറ് സെഞ്ച്വറികളും ഏഴ് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. രോഹിത് 21 മത്സരങ്ങളില്‍ നിന്ന് 71.83 ശരാശരിയില്‍ 1,140 റണ്‍സാണ് നേടിയിരിക്കുന്നത്. ഒരു ഡബിള്‍ ഉള്‍പ്പെടെ ആറ് സെഞ്ച്വറികള്‍ അടിച്ച രോഹിതിന്റെ അക്കൗണ്ടില്‍ അഞ്ച് അര്‍ദ്ധ സെഞ്ച്വറികളാണ് ഉള്ളത്. 299 റണ്‍സുമായി ലോകതാരങ്ങളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. 283 റണ്‍സുമായി എട്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ.