വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ 20 അംഗ മന്ത്രിസഭ അധികാരമേറ്റു
അഹമ്മദാബാദ്:വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു.20 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്ലി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് രൂപാണിയും നിതിന്‍ പട്ടേലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി പദവി അലങ്കരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി,പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ,ബി.ജെ.പി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കം മുന്‍നിര നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗാന്ധിനഗറിലെത്തിയ മോദി രാവിലെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് റോഡ് ഷോ നടത്തി.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചടങ്ങില്‍ പങ്കെടുക്കാനെത്തി. മുന്‍ മുഖ്യമന്ത്രിമാരായ കേശുഭായ് പട്ടേല്‍, ശങ്കര്‍ സിങ് വഗേല, ബിജെപി നേതാവ് എല്‍.കെ അഡ്വാനി എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 24 സിറ്റിങ് എം.എല്‍.എമാര്‍ പരാജയപ്പെട്ടതിനാല്‍ കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് പുതിയ മന്ത്രിസഭ.