യേശു പിറന്നത് കന്യകയില്‍ നിന്ന് തന്നെയോ: ഓസ്ട്രിയന്‍ ദേശിയ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്
വര്‍ഗീസ് പഞ്ഞിക്കാരന്‍
വിയന്ന 24.12. 2017: ക്രിസ്മസ് പ്രമാണിച്ചു ഓസ്ട്രിയയിലെ പ്രമുഖ മാധ്യമമായ ഓ.ആര്.എഫ്. (ഓസ്ട്രിയന്‍ ദേശിയ ടെലിവിഷന്‍) സംഘടിപ്പിച്ച കത്തോലിക്കാ – പ്രോട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞന്മാരുമായി നസ്രസിലെ മറിയത്തെ ആധാരമാക്കി നടത്തിയ ചര്‍ച്ചയിലൂടെ ഉരിത്തിരിഞ്ഞ വിവരങ്ങളുടെ സംഗ്രഹം ഇതിനോടകം തന്നെ രാജ്യത്ത് ശ്രദ്ധ നേടി. റിപ്പോര്‍ട്ടിലെ ചില പ്രാധാന വിവരങ്ങള്‍ ചുവടെ:
ഹീബ്രുവില്‍ നിന്ന് പഴയനിയമം ഗ്രീക്കിലേക്കു ഭാഷാന്തരം ചെയ്യപ്പെട്ടപ്പോള്‍ ‘യുവതി’ എന്നര്‍ത്ഥമുള്ള ‘ആല്‍മഹ്’ എന്ന വാക്കിനെ ‘കന്യക’ അഥവാ ‘അവിവാഹിത’ എന്നര്‍ത്ഥമുള്ള ‘പാര്‍ത്തനോസ്’ എന്നാക്കി (സെപ്റ്റുവജിന്റ) മാറ്റി. പിന്നീട് മറിയത്തെപ്പറ്റി പുതിയനിയമത്തില്‍ എഴുതിയപ്പോള്‍ ‘ആല്‍മഹ്’ എന്ന വാക്കിനു പകരം ഈ സെപ്റ്റുവജിന്റിന്റെ അടിസ്ഥാനത്തില്‍ ‘പാര്‍ത്തനോസ്’ എന്ന് പരാമര്‍ശിച്ചതാണ് മറിയത്തെപ്പറ്റിയുള്ള തെറ്റിധാരണക്കു കാരണം എന്നും മറിയത്തിന്റെ കന്യാത്വം ഒരിക്കലും ജൈവശാസ്ത്രപരമല്ല, ദൈവശാസ്ത്രപരമാണെന്നും ഗ്രാറ്സു കത്തോലിക്കാ യൂണിവേഴ്സിറ്റി ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെ അധ്യക്ഷ ഇറാംഗാര്ഡ് ഫിഷര്‍ ചര്‍ച്ചയില്‍ പ്രസ്താവിച്ചു.
മഹാന്മാരുടെ ജന്മവുമായി അസാധാരണ സംഭവങ്ങളെ ബന്ധപ്പെടുത്തുന്നത് പുരാതനകാലത്തു ഇതിഹാസങ്ങളില്‍ സര്‍വ്വസാധാരണമായിരുന്നു. യേശുവിനു മുന്‍പ് തത്വ ചിന്തകനായ പ്ലേറ്റോ, അതികായനായിരുന്ന പെര്സീയൂസ്, അലക്സാണ്ടര്‍ ദി ഗ്രെയ്റ് എന്നിവരുടെ ജന്മത്തോടുകൂടിയും അസാധാരണ സംഭവങ്ങള്‍ വിവരിക്കപ്പെടുന്നുണ്ട്.
അതുപോലെ യേശു ജനിച്ചപ്പോഴും അസാധാരണസംഭവങ്ങള്‍ നടന്നതായി ബൈബിള്‍ വിവരിക്കുന്നു. ദൈവത്തിന്റെ ഒരു പ്രത്യേക സാന്നിധ്യം യേശുവിന്റെ ജനനത്തില്‍ ഉണ്ടായിരുന്നു എന്ന് മാത്രമാണ് ബൈബിള്‍ എഴുതിയവര്‍ ഉദ്ദേശിച്ചതു, അല്ലാതെ മറിയം പുരുഷസഹായം കൂടാതെ ഗര്‍ഭം ധരിച്ചു എന്നതല്ല ദൈവശാസ്ത്രപരമായ മറിയത്തിന്റെ കന്യാത്വത്തിന്റെ അര്‍ഥം എന്ന് ഫിഷര്‍ തുടര്‍ന്ന് വിവരിച്ചു.
പഴയനിയമത്തിലെ കഥകളില്‍ വൃദ്ധകളാണ് ഗര്‍ഭം ധരിച്ചത്. ഉദാഹരണം: സാറാ, റബേക്ക, റേച്ചല്‍ – എല്ലാവരിലും ദൈവത്തിന്റെ പ്രത്യേക സന്നിവേശം ഉണ്ടായിരുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. പുതിയനിയമത്തിലാകട്ടെ ഒരു പുതുമയെ കുറിക്കാനായി ഗര്‍ഭം ധരിക്കുന്നതു ഒരു യുവതി, അതും കന്യകയായ യുവതി. ദൈവം അങ്ങനെയും തന്റെ സാന്നിധ്യം വെളിപ്പെടുത്തി.
യേശു ദൈവം ആണ്, ദൈവപുത്രന് ആണ് (നൈസിയ എ. ഡി. 325) എന്ന് സഭ പ്രഖ്യാപിച്ചതോടെ മറിയം യേശുവിനെ ഗര്ഭംധരിച്ചതു അമാനുഷികരീതിയിലാക്കേണ്ടതു സഭക്ക് ഒരു ആവശ്യത്തെ ആയിത്തീര്‍ന്നു എന്ന് കുര്‍ട് ഹ്യുബ്നെര് (1921 -2013) എന്ന പ്രമുഖ ജര്‍മന്‍ തത്വശാസ്ത്രജ്ഞന് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കപ്പെട്ടു.
അങ്ങനെയാണ് (എ. ഡി. 431, എഫേസൂസ്) മറിയം ദൈവത്തിന്റെ അമ്മയാണെന്നും, അവള് ആജീവനാന്തം കന്യകയായിരുന്നു എന്നും (കോണ്‍സ്റ്റാന്റിനോപ്പിള്‍ എ. ഡി. 553), ദൈവം അവളെ ഗര്ഭപാത്രത്തിവച്ചുതന്നെ ഉത്ഭവപാപത്തിനിന്നു മോചിപ്പിയ്ച്ചിരുന്നു എന്നും (പിയൂസ് IX, 1854), അവസാനം ഉടലോടെ സ്വര്ഗ്ഗാരോഹിതയായി എന്നും (പിയൂസ് XII, 1950), വിശ്വാസസത്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടത്.
Mk 6,1-6-ല്‍ മറിയത്തിനു 6 സഹോദരീസഹോദരന്മാര് ഉള്ളതായി പറഞ്ഞിരിക്കുന്നത് അവളുടെ നിത്യകന്യത്വത്തെ നിരാകരിക്കുന്നുണ്ടു. എന്നാലും മേല്പറഞ്ഞ ഡോഗ്മാകള്ക് വിഘ്നം വരാതിരിക്കാന്‍ വേണ്ടി സഭ ഈ ആറുപേരെ യേശുവിന്റെ അര്ദ്ധസഹോദരീസഹോരന്മാരായി വ്യാഖ്യാനിക്കുകയാണുണ്ടായത്.
മറിയത്തെപ്പറ്റിയുള്ള ഡോഗ്മാകളൊന്നും തന്നെ ഗ്രീക്ക് സംസ്കാരപാരമ്പര്യം ഇല്ലാത്തവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയില്ലെന്നും, ഇന്ന് യാഥാര്ത്ഥവിശ്വാസിക്കൊന്നും ഇവ അത്ര പ്രാധാന്യമുള്ളതല്ലെന്നും, ത്രീത്വയ്കദൈവത്തില് സ്ത്രീത്വം ഇല്ലാത്തതു കൊണ്ടാണ് മരിയന്‍ ഭക്തിക്കു ഇത്രയേറെ ജനസമ്മതി എന്നും ഇറാംഗാര്ഡ് ഫിഷര്‍ അഭിപ്രായപ്പെട്ടു.
അവലംബം: ഡിസംബര്‍ 24ന് ഓ.ആര്.എഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്