ബോക്‌സിങ് ഡേയിലും കരുത്ത് കാട്ടി ഓസ്ട്രേലിയ മികച്ച നിലയില്‍; വാര്‍ണര്‍ക്ക് സെഞ്ച്വറി

മെല്‍ബണ്‍: ആഷസ് ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയയ്ക്ക് മികച്ച തുടക്കം. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ(103) സെഞ്ച്വറിയുടെയും നായകന്‍ സ്റ്റീവ് സ്മിത്തിന്റെ(പുറത്താകാതെ 65) അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തില്‍ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 244 എന്ന നിലയിലാണ് ഓസിസ്.ആദ്യ വിക്കറ്റില്‍ 122 റണ്‍സെടുത്ത ശേഷമാണ് ഓസ്‌ട്രേലിയ അല്‍പ്പമൊന്ന് പതറി. 26 റണ്‍സെടുത്ത ബെന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും അടുത്തടുത്ത് പുറത്തായതോടെ രണ്ടിന് 135 എന്ന നിലയിലായി ഓസ്ട്രേലിയ. അധികം വൈകാതെ സ്‌കോര്‍ 160ല്‍ നില്‍ക്കെ 17 റണ്‍സെടുത്ത ഉസ്മാന്‍ കവാജയുടെ വിക്കറ്റും നഷ്ടമായി.

പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ മെല്ലെ കരകയറ്റുകയായിരുന്നു.65 റണ്‍സോടെ സ്റ്റീവ് സ്മിത്തും 31 റണ്‍സോടെ ഷോണ്‍ മാര്‍ഷുമാണ് ഇപ്പോള്‍ ക്രീസില്‍. ഇംഗ്ലണ്ടിനുവേണ്ടി ആന്‍ഡേഴ്സണ്‍, ബ്രോഡ്, വോക്ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച ഓസീസ് നേരത്തെ തന്നെ പരന്പര സ്വന്തമാക്കിയിരുന്നു.