ഓഖി ദുരന്ത ബാധിതര്‍ക്ക് ആശ്വാസവാക്കുകളുമായി മഞ്ജു; പൂന്തുറയില്‍ ദുരന്ത ബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം:ഊഖി ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസവാക്കുകളുമായി നടി മഞ്ജു വാരിയര്‍. ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരെ നഷ്ട്ടമായതിന്റെ വേദനയില്‍ കഴിയുന്ന പൂന്തുറയിലെ വീടുകളിലാണ് മഞ്ജു സന്ദര്‍ശനം നടത്തിയത്.എല്ലാം നഷ്ടപ്പെട്ടവര്‍ക്കു തന്നാലാകുന്ന സഹായം വാഗ്ദാനം ചെയ്താണു മഞ്ജു വാരിയര്‍ മടങ്ങിയത്. ദുരന്തത്തില്‍ കാണാതായവരുടേതും മരിച്ചവരുടേതുമടക്കമുള്ള വീടുകളാണു മഞ്ജു സന്ദര്‍ശിച്ചത്. കുട്ടികളടക്കമുള്ളവരുമായി മഞ്ജു സംസാരിച്ചു. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ദുരിതബാധിതരുടെ ദുഖത്തില്‍ പങ്കുചേരണമെന്നു തോന്നിയതു കൊണ്ടാണു പൂന്തുറയിലെത്തിയതെന്ന് മഞ്ജു പറഞ്ഞു.
തമിഴ്‌നടന്‍ ശരത് കുമാറിനു ശേഷം ആദ്യമായാണ് ഒരു ചലച്ചിത്രതാരം ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയത്. രാവിലെ പതിനൊന്നിനു പൂന്തുറയിലെത്തിയ താരം ഒരു മണിക്കൂര്‍ നേരം ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിച്ചശേഷമാണ് മടങ്ങിയത്. ഒന്‍പതോളം വീടുകള്‍ മഞ്ജു സന്ദര്‍ശിച്ചു.