സൈബര്‍ ആക്രമണം: നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: സൈബര്‍ ആക്രമണത്തിനിരയാകുന്നുവെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിചെന്നും ചൂണ്ടിക്കാട്ടി പാര്‍വതി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
മമ്മൂട്ടി ചിത്രം ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്‌കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്.
നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.