ആകാശ് പട്ടേല്‍ 2018 ഗ്ലോബല്‍ ടീച്ചേഴ്സ് പ്രൈസ് ഫൈനലില്‍
പി.പി. ചെറിയാന്‍
ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഡാലസില്‍ നിന്നുള്ള അധ്യാപകനുമായ ആകാശ് പട്ടേലിനെ 2018 ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസിനുവേണ്ടി മത്സരിക്കുന്ന 50 ഫൈനലിസ്റ്റുകളില്‍ ഒരാളായി തിരഞ്ഞെടുത്തതായി വര്‍ക്കി ഫൗണ്ടേഷന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
മുപ്പത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അഞ്ചു ഭാഷകള്‍ സംസാരിക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള ആകാശ് പട്ടേല്‍ ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോമസ് ജെ റസ്‌ക്ക് മിഡില്‍ സ്‌കൂള്‍ അധ്യാപകനാണ്. ഒക്കലഹോമ സ്‌കൂളില്‍ അധ്യാപകനായിരുന്ന ആകാശ് ഇപ്പോള്‍ ഡാലസില്‍ സ്പാനിഷ് പഠിപ്പിക്കുന്നു. ദുഷ്‌കരമായ ചുറ്റുപാടുകളില്‍ നിന്നും എത്തിച്ചേരുന്ന കുറ്റവാസനയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളില്‍ ആകാശ് പട്ടേല്‍ സ്തുത്യര്‍ഹമായ സേവനമാണനുഷ്ഠിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷണലുകളുമായി കുട്ടികളെ ബന്ധപ്പെടുത്തുന്നതിനും ആശയവിനിമയത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ആകാശ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു മില്യണ്‍ ഡോളറാണ് ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജന്‍ സണ്ണി വര്‍ക്കി സ്ഥാപിച്ച വര്‍ക്കി ഫൗണ്ടേഷന്‍ സമ്മാനമായി നല്‍കുന്നത്.