ഓഖി ദുരന്തം: കേരളത്തിന് 133 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതര്‍ക്കുള്ള അടിയന്തരസഹായമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം. തുക ഇന്നു തന്നെ കൈമാറുമെന്ന് കേന്ദ്ര സംഘത്തലവന്‍ വിപിന്‍ മാലിക്ക് അറിയിച്ചു. 422 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും സംഘം അറിയിച്ചു. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ദുരിതബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായെത്തിയത്.

ചൊവ്വാഴ്ച തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ന് എറണാകുളത്താണ് സംഘം സന്ദര്‍ശനം നടത്തുന്നത്.കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം അറിയിച്ചു.

അതേസമയം കെ പി സി സി പ്രസിഡന്റ് എം.എം ഹസന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.