കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പാക്കിസ്ഥാനുമായി യുദ്ധം അനിവാര്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ:കുല്‍ഭൂഷന്‍ ജാദവ് വിഷയത്തില്‍ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.ഇന്ത്യ അവരുമായി യുദ്ധം ചെയ്ത് പാക്കിസ്ഥാനെ നാലു കഷ്ണങ്ങളാക്കണം. ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാന്‍ അപമാനിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവന.യുദ്ധത്തിനുള്ള നടപടികള്‍ ഗൗരവമായി ഇപ്പോള്‍ത്തന്നെ തുടങ്ങണം. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണ്. അതു വഴിതെളിയിച്ചതു യുദ്ധത്തിനാണ്,സമാന സംഭവമാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തിലും നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാന്‍ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചു. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല.

അതേസമയം, നടപടി വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സ്വാമി പ്രതികരിച്ചു. അതു നമ്മളെ വേദനിപ്പിച്ചു. അവര്‍ക്കെതിരെ യുദ്ധം നടത്തേണ്ട കാലം അതിക്രമിച്ചു. അവരെ നാലു കഷ്ണങ്ങളാക്കണം. ഉടന്‍ യുദ്ധം ചെയ്യണമെന്നല്ല പറയുന്നത്. എന്നാല്‍ ഉടന്‍ തന്നെ യുദ്ധത്തിനുള്ള ഗൗരവതരമായ പഠനങ്ങള്‍ നടത്തണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതു മിക്കപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായവുമാകാറുണ്ട്.

ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാല്‍ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാക്കിസ്ഥാനെ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്കു മെഡിക്കല്‍ വീസകള്‍ നല്‍കുന്നത് വിദേശകാര്യമന്ത്രാലയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഓഫിസില്‍ ചില്ലുമറയ്ക്ക് ഇരുപുറവുമിരുന്ന് ഇന്റര്‍കോമിലൂടെയാണു കുല്‍ഭൂഷണും കുടുംബാംഗങ്ങളും പരസ്പരം സംസാരിച്ചത്. മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ധാരണയ്ക്കു വിരുദ്ധമായി, ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ കൂടിക്കാഴ്ച നടന്ന മുറിയില്‍ അനുവദിച്ചില്ല. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയുടെ അന്തരീക്ഷം ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്.ഇന്ത്യന്‍ ചാരനെന്നാരോപിച്ചാണ് കുല്‍ഭൂഷണ്‍ ജേതാവിനെ പാക്കിസ്ഥാന്‍ പിടികൂടി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.