ചങ്ങരംകുളം തോണി അപകടം:പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുമെന്ന് സ്പീക്കര്‍

മലപ്പുറം:ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞു മരിച്ച ആറു കുട്ടികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ ഇന്‍ക്വസ്റ്റ് നടപടികള്‍ മാത്രം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടതത്തിയ ശേഷം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.അപകടം നടന്ന നരണിപ്പുഴയുടെ തീരത്തു മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്.അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നടപടിക്രമങ്ങള്‍ പാലിച്ചു പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അപകടം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുക്കളായ ആറു വിദ്യാര്‍ഥികളാണു മുങ്ങിമരിച്ചത്.അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങളുടെ മക്കളാണ് അപകടത്തില്‍പെട്ടത്. നരണിപ്പുഴ മാപ്പലക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ (20), മാപ്പലക്കല്‍ ജയന്റെ മക്കളായ പൂജ (14), ജനീഷ (എട്ട്), മാപ്പലക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന (12), നരണിപ്പുഴ മാച്ചേരിയത്ത് അനിലിന്റെ മകന്‍ ആദിദേവ് (നാല്), പനമ്പാട് വിളക്കത്തേരി ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്.

അവശനിലയില്‍ കരയ്‌ക്കെത്തിച്ച വേലായുധ(50)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പരുക്കേറ്റ വടമുക്ക് ശിവാംഗി (14), വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ (14) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്രിസ്മസ് അവധിക്കു വേലായുധന്റെ വീട്ടിലേക്കു വന്നതായിരുന്നു കുട്ടികള്‍.വൈകിട്ടു വേലായുധനോടൊപ്പം പുഴ കാണാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.കരയില്‍നിന്ന് 200 മീറ്റര്‍ മാറി ആഴമേറിയ ഭാഗതെറ്റിയപ്പോള്‍ തോണി ഒരുവശത്തേക്കു മറിഞ്ഞതോടെ എല്ലാവരും പുഴയില്‍ വീണു. ബഹളംകേട്ടു നാട്ടുകാര്‍ ഓടിയെത്തിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ചങ്ങരംകുളം, പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനുകളില്‍നിന്നു പൊലീസും പൊന്നാനിയില്‍നിന്ന് അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. രക്ഷാപ്രവര്‍ത്തനം നടത്താനും ആംബുലന്‍സുകള്‍ക്കു വഴിയൊരുക്കാനും ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കാനും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സജീവമായിരുന്നു.