ഓഖി:ഒരു മൃതദേഹം കൂടി ലഭിച്ചു; കേന്ദ്ര സംഘം ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അഴീക്കല്‍ പുറംകടലില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം തീരത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
അതിനിടെ, ഓഖി കെടുതി വിലയിരുത്തുന്നതിനായെത്തിയ കേന്ദ്രസംഘം ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടരുന്നു. ഇന്നലെ തിരുവനന്തപുരം പൂന്തുറ സന്ദര്‍ശിച്ച സംഘം ഇന്ന് വിഴിഞ്ഞം, ബീമാപള്ളി, പൊഴിയൂര്‍, അടിമലത്തുറ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്നലെ പൂന്തുറയില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ദുരന്ത വിവരങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ആരോഗ്യം, ഫിഷറീസ്, കാര്‍ഷികം, ദുരന്ത നിവാരണ സേന പ്രതിനിധികള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. അതിനു ശേഷം ബീമാപള്ളി മുതല്‍ പാറശ്ശാല വരെയുള്ള ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും. ശേഷം കൊല്ലത്തേക്ക് തിരിക്കും.
അതിനിടെ, സംഘത്തെ സന്ദര്‍ശിച്ച് യു.ഡി.എഫ് നിവേദനം നല്കി. കേന്ദ്രഫണ്ട് അനുവദിക്കണമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും യു.ഡി.എഫ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തെ ദുരന്ത വിവരങ്ങള്‍ ധരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന് ആരോപിച്ചു. ദുരന്ത വിവരങ്ങള്‍ നല്‍കേണ്ട ഫിഷറീസ് മന്ത്രി സ്ഥലത്തില്ല, റവന്യൂമന്ത്രിയുമില്ലെന്നും ഹസന് കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രസംഘത്തിന്റെ ഒരു വിഭാഗം കൊച്ചിയലും സന്ദര്‍ശനം നടത്തുന്നുണ്ട്. തോപ്പുംപടി ഹാര്‍ബറിലും ചെല്ലാനത്തുമാണ് രണ്ടംഗ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. സര്‍ക്കാര്‍ പറയുന്ന കണക്കിനേക്കാള്‍ കൂടുതല്‍ പേര് കടലിലുണ്ട്. അവരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്
മത്സ്യബന്ധന തൊഴിലാകളികള്‍ കേന്ദ്ര സംഘത്തിന് നിവേദനം നല്കി.രണ്ട് ദിവസം കൂടി കേന്ദ്ര സംഘം കേരളത്തിലുണ്ടാവും.സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക.