ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തത് പാക്ക് സൈന്യം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ജമ്മു:ഇന്ത്യയുമായി സമാധാന ചര്‍ച്ച നടത്തണമെന്ന് പാക്ക് സൈനിക മേധാവി അഭിപ്രായപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അതിര്‍ത്തിയില്‍ ഇന്ത്യ- പാക്ക് വെടിവെയ്പ്പ്. പാക്ക് അധിനിവേശ കശ്മീരിലും നിയന്ത്രണരേഖയിലും ദിവസങ്ങളായി ഇന്ത്യ- പാക്ക് സൈനികര്‍ തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ് ആരംഭിച്ച പാക്ക് സൈന്യത്തിനു നേരേ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

നിയന്ത്രണരേഖയിലെ നൗഷേറാ സെക്ടറില്‍ ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന വെടിവയ്പ്പാണ് ഇന്നുണ്ടായത്.ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. രാവിലെ പത്തുമണിവരെ വെടിവയ്പ്പു നീണ്ടുവെന്ന് പൊലീസ് അറിയിച്ചു.

അഞ്ചു ദിവസങ്ങള്‍ക്കു മുന്‍പ് രജൗറിയിലെ ഖേരി സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ മറ്റൊരാക്രമണത്തില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തില്‍ മൂന്നു പാക്ക് സൈനികരെയും വധിച്ചു. റാവല്‍കോട്ടിലെ രുഖ് ഛാക്‌റി സെക്ടറിലായിരുന്നു ആക്രമണം നടത്തിയത്.

ഈവര്‍ഷം നിരവധി തവണയായി 881 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം ലംഘനമുണ്ടാകുന്നത്. ഡിസംബര്‍ പത്തുവരെ നിയന്ത്രണരേഖയില്‍ മാത്രം 771 തവണയും രാജ്യാന്തര അതിര്‍ത്തിയില്‍ 110 തവണയും ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. 14 സൈനികരും 12 പ്രദേശവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.