കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നതിനാലാണ് ഊരി വാങ്ങിയതെന്ന വിശദീകരണവുമായി പാകിസ്താന്‍
ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ സന്ദര്‍ശിച്ച ഭാര്യയ്ക്കും മാതാവിനും പാക് അധികൃതരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തില്‍ ന്യായീകരണവുമായി പാക് വിദേശകാര്യ മന്ത്രാലയം.സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാദവിന്റെ ഭാര്യയുടെ ചെരുപ്പ് ഊരിവാങ്ങിയത് .ചെരിപ്പിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കിയതായി പാകിസ്താന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കുല്‍ഭൂഷന്റെ ഭാര്യ ചേതന്റെ ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കി. പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. ചെരിപ്പ് ഒഴികെ ബാക്കിയെല്ലാം തിരികെ കൈപ്പറ്റിയതായി അവര്‍ രേഖാമൂലം സമ്മതിച്ചിട്ടുള്ളതായും വിദേശകാര്യ ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
കുല്‍ഭൂഷനെ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി കുല്‍ഭൂഷന്റെ അമ്മയും ഭാര്യയും ധരിച്ചിരുന്ന താലിമാല, വളകള്‍, പൊട്ട് എന്നിവ മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ രംഗത്ത് വന്നിരുന്നു.സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളുടെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വൃണപ്പെടുത്തിയതായി ഇന്ത്യ ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ അവര്‍ക്ക് പറയാമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്കും ഇക്കാര്യം അവിടെയുണ്ടായിരുന്ന മാധ്യമങ്ങളോട് പറയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, കുല്‍ഭൂഷന്റെ അമ്മയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതില്‍ പാകിസ്താനോട് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ അര്‍ഥമില്ലാത്ത വാക്‌പോര് നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വിദേശകാര്യ വക്താവ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.