ഷാജി പാപ്പനോട് മുട്ടാന്‍ നോക്കണ്ട;ആട് 2 അനധികൃതമായി ഫെയ്സ്ബുക്കിലിട്ട 3000 പേജുകള്‍ ഡിലീറ്റ് ചെയ്തു

മിഥുന്‍ മാനുവല്‍ തോമസിന്റെ ജയസൂര്യ ചിത്രം ആട് 2 വിന്റെ അനധികൃത ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്ത 3000 പേജുകള്‍ നീക്കം ചെയ്തു.തിയറ്ററില്‍ നിറഞ്ഞ സദസിലോടുന്ന ആടു തിയേറ്ററുകളില്‍നിന്ന് പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ അപ്ലോജഡ് ചെയ്ത പേജുകളാണ് ഡിലീറ്റ് ചെയ്യപ്പെടുകയോ സസ്പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്തിരിക്കുന്നത്.

ആട് 2 ന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇടരുതെന്നും,ചിത്രത്തിലെ നിര്‍ണായകമായ പല രംഗങ്ങളും ലീക്കാകുന്നുണ്ടെന്നും ആട് 2വിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓണ്‍ലൈനില്‍ ചിത്രം ലീക്കാകുന്നുണ്ടെന്ന നിര്‍മ്മാണ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പെയ്ജുകള്‍ക്ക് പണി കിട്ടിയിരിക്കുന്നത്.

ഫ്രൈഡേ ഫിലം ഹൗസിന്റെ ഉടമ വിജയ് ബാബുവാണ് ചിത്രത്തിന്റെ വിഷ്വലുകള്‍ അപ്ലോഡ് ചെയ്ത ഫെയ്സ്ബുക്ക് പേജുകള്‍ അപ്രത്യക്ഷമായെന്ന പോസ്റ്റ് ഇട്ടത്. ഞങ്ങളോട് വിളിച്ച് മാപ്പ് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല, നിങ്ങളുടെ പേജുകള്‍ തിരികെ കിട്ടാന്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഫെയ്സ്ബുക്ക് കനിഞ്ഞാലെ പേജുകള്‍ തിരിച്ചുകിട്ടുകയുള്ളുവെന്നും ഇത് എല്ലാവര്‍ക്കുമൊരു മുന്നറിയിപ്പാണെന്നും വിജയ് പറഞ്ഞു.