ഫേസ്ബുക്ക് ആരംഭിക്കാന്‍ ആധാര്‍ വേണമെന്ന വാര്‍ത്ത വ്യാജം ; നടന്നത് വെറും പരീക്ഷണം

മുംബൈ : പുതിയ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ വേണം എന്ന വാര്‍ത്ത‍ പ്രചരിച്ചത് വ്യാജം എന്ന് ഫേസ്ബുക്ക് അധികൃതര്‍. ഇന്ത്യന്‍ ഉപയോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ‘ആധാറിലുള്ള പോലെ’ ഉപയോക്താക്കളുടെ പേര് ചോദിച്ചത് വെറുമൊരു പരീക്ഷണം മാത്രമായിരുന്നുവെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളില്‍ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്. നിലവില്‍ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല. തങ്ങളുടെ ബ്ലോഗില്‍ ഫേസ്ബുക്ക് പറയുന്നു. “ഫെയ്‌സ്ബുക്കിന്റെ ഈ പരീക്ഷണത്തെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ശരിയല്ല. ഞങ്ങള്‍ നടത്തിയ പരീക്ഷണം അവസാനിച്ചു.

ആധാറിലേത് പോലെ പേര് നല്‍കിയാല്‍ അത് സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും എന്നുള്ള സന്ദേശം മാത്രമായിരുന്നു. ഞങ്ങള്‍ ആധാര്‍ വിവരങ്ങളൊന്നും ശേഖരിക്കുന്നില്ല. ഫെയ്‌സബുക്കില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കാന്‍ ആധാറിലേ പേര് വേണമെന്ന നിര്‍ബന്ധവുമില്ല.’ ഫെയ്‌സ്ബുക്ക് പറയുന്നു. പുതിയ അക്കൗണ്ടു തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ അനുസരിച്ചുള്ള പേര് ഫെയ്‌സ്ബുക്ക് ചോദിച്ചുവെന്നും ഇത് ആധാര്‍ വിവരങ്ങളില്‍ അധിഷ്ഠിതമായ ഫെയ്‌സ്ബുക്കിന്റെ പുതിയ അക്കൗണ്ട് വെരിഫിക്കേഷന്‍ ഫീച്ചറിന്റെ പരീക്ഷണമാണ് എന്നുള്ള തരത്തിലാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.