അടയ്ക്ക കൊണ്ട് തൂണുണ്ടാക്കിയ കണ്ണൂരിലെ ക്ഷേത്രം കണ്ണിനു വിസ്മയ കാഴ്ചയൊരുക്കുന്നു
വടക്കേ മലബാറില്‍ തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളുന്ന കളിയാട്ടക്കാലമാണിപ്പോള്‍.തെയ്യങ്ങള്‍ തുള്ളാത്ത ഒരു ഗ്രാമവും വടക്കേ മലബാറിലുണ്ടാവില്ല.
കണ്ണൂര്‍ ജില്ലയില്‍ ഏഴിമലയുടെ താഴ്വരയിലെ രാമന്തളി താവുരിയാട്ട് ക്ഷേത്രത്തില്‍ തെയ്യങ്ങള്‍ക്കൊപ്പം ക്ഷേത്രം തന്നെ ഒരു കൗതുക കാഴ്ച്ച ഒരുക്കിയിരിക്കുകയാണ്. കാര്‍ഷിക വിഭവങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത അടയക്കാത്തൂണുകളാണ്. ഗ്രാമത്തില്‍ നിന്ന് ശേഖരിക്കുന്ന നല്ല പഴുത്തു തുടുത്ത അടയ്ക്കകള്‍ കൊണ്ടാണ് ക്ഷേത്രത്തിന്റ തൂണുകള്‍ അലങ്കരിക്കുന്നത്.
കാര്‍ഷിക സംസ്‌കൃതിയുടെ ബാക്കിപത്രമായ ഇത്തരം അലങ്കാരങ്ങള്‍ അതീവ സൂക്ഷ്മതയോടെയാണ് നാട്ടുകാര്‍ ഒരുക്കുന്നത്. ചക്ക, മാങ്ങ, തേങ്ങ, മാതളം, പഴക്കുലകള്‍ എന്നിവയും അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
സമകാലീന കേരളത്തിന്റെ ഓര്‍മകളില്‍ മാത്രമുള്ള കാര്‍ഷിക സമൃദ്ധിയുടെ സ്മരണയാണ് ഈ അലങ്കാരങ്ങളിലൂടെ പുതു തലമുറകളിലേക്ക് ക്ഷേത്രം കൈമാറുന്നത്. ക്ഷേത്രോത്സവ ചടങ്ങുകളിലും ഈ വൈവിധ്യം കാണാനാവും.ആയോധനകലയായ കളരി സമ്പ്രദായം പൈതൃകമായിരുന്ന ഗതകാല സ്മരണയിലാണ് ഉത്സവത്തിന്റെ വേരുകള്‍. മൂഷക രാജാക്കന്മാരുടെ പടയാളികള്‍ നടത്തി വന്നിരുന്ന കളരിപ്പൊയ്ത്ത് ഇവിടെ ഒരു പ്രധാന ചടങ്ങാണ്.