വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും.മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മൂന്നു തലാഖും ഒരുമിച്ചു ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണു മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ,ഒരുമിച്ച് മൂന്നു തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റമായും കണക്കാക്കും.കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിക്കുന്നത്.

മുത്തലാഖിനു വിധേയയാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം,എന്നീ വ്യവസ്ഥകളും ബില്‍ ശുപാര്‍ശ ചെയ്യുന്നു.

എന്നാല്‍ വേണ്ടത്ര ചര്‍ച്ച നടത്താതെയാണു കരടു തയാറാക്കിയതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കു വിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെടും. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി എം.പിമാര്‍ക്കു ബി.ജെ.പി വിപ്പ് നല്‍കി.