മുത്തലാഖ് നിരോധന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; ചരിത്രദിനമെന്ന് കേന്ദ്രനിയമമന്ത്രി
ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണു കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് ശബ്ദവോട്ടോടെ ലോക്സഭ തള്ളിയിരുന്നു.
ഇതു ചരിത്ര ദിവസമാണെന്നും മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്നമാണെന്നും ബില്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി പറഞ്ഞു. അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമാണ് ബില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. അതേസമയം ബില്ലില്‍ സമവായം ഉണ്ടാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ അറിയിച്ചു.
മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. മൂന്നു വട്ടം തലാഖ് ചൊല്ലി ഒറ്റയടിക്കു വിവാഹമോചനം നേടുന്ന രീതിയാണു മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിനു വിധേയയാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.