ചട്ടം ലംഘിച്ച്, സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി
തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യ മന്ത്രി നിര്‍ദേശം നല്‍കി.സര്‍ക്കാര്‍ ചട്ടം ലംഘിച്ച് പതാകയുയര്‍ത്തിയതിനും ദേശീയഗാനം ആലപിക്കാത്തതിനുമാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വടക്കുംതല കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പതാകയുയര്‍ത്തിയത്. നിലവിലുള്ള ചട്ടമനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. സ്‌കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കോ ആണ് പതാക ഉയര്‍ത്താന്‍ അനുവാദമുള്ളത്.
ഈ ചട്ടം ലംഘിച്ചുകൊണ്ടാണ് മോഹന്‍ ഭഗവതിനെ ദേശീയപതാക ഉയര്‍ത്താന്‍ അനുവദിച്ചതെന്നതാണ് നടപടിക്കു കാരണം. ദേശീയപതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കണമെന്നാണ് ചട്ടവും ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.ഇവിടെ ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചത്. ഇത് 2002 ലെ ദേശീയ ഫ്‌ളാഗ് കോഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
രാഷ്ട്രീയ നേതാവ് സ്‌കൂളില്‍ പതാകയുയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍, സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുമില്ല. കുറ്റകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്നു കാണിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി.
സ്വാതന്ത്ര്യദിനത്തില്‍ ഒന്‍പതു മണിയോടുകൂടി മോഹന്‍ ഭഗവത് സ്‌കൂളിലെത്തുകയും ചട്ടം ലംഘിച്ച് പതാകയുയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്‌തെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഇക്കാര്യം ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പൊതുഭരണ വകുപ്പ് പരിശോധിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയിലേയ്ക്ക് നീങ്ങുകയുമായിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്നു പരിശോധിക്കാന്‍ പാലക്കാട് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.