ലാവ്ലിന്‍ കേസ്: സിബിഐയുടെ അപ്പീല്‍ ജനുവരി 10ന് പരിഗണിക്കും
ന്യൂഡല്‍ഹി:ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ അടുത്തമാസം 10-ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. കേസില്‍ പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് അപ്പീലില്‍ സി.ബി.ഐ പരാമര്‍ശിച്ചിരിക്കുന്നത്. അപ്പീല്‍ നല്‍കാനുള്ള കാലാവധി കഴിഞ്ഞതിനാല്‍ പ്രത്യേക അപേക്ഷ നല്‍കിയാണു സി.ബി.ഐ അപ്പീല്‍ നല്‍കിയത്.
വിചാരണ കഴിയുന്നതിനു മുന്‍പേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണു സി.ബി.ഐ അപ്പീല്‍ നല്‍കിയത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ഇടപാട് നടക്കില്ലെന്നും പിണറായിക്കെതിരെ ശക്തമായ തെളിവുണ്ടെന്നും സി.ബി.ഐ അപ്പീലില്‍ പറയുന്നു.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന 1996-98 കാലഘട്ടത്തില്‍ കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു നല്‍കിയതു സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണു കേസ്. പിണറായി വിജയന്‍, മുന്‍ വൈദ്യുതി സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവര്‍ക്ക് അനുകൂലമായി ഓഗസ്റ്റ് 23നാണു ഹൈക്കോടതി വിധി വന്നത്.