ഓഖി:കേരളത്തിന്റെ ആവശ്യം ന്യായം; 404 കോടിയുടെ അടിയന്തിര സഹായത്തിന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം: ഓഖി ദുരന്തം വിതച്ച നാശ നഷ്ടങ്ങളുമായി ബന്ധപ്പെട്ട കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് ദുരന്തത്തെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്രസംഘം.കേരളത്തിന്റെ ആവശ്യം പരിഗണിച്ച് 404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ ചെയ്യുമെന്നും കേന്ദ്ര സംഘം അറിയിച്ചു. സംസ്ഥാന സര്‍ക്കാറും സേനാ വിഭാഗങ്ങളും നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് കേന്ദ്ര സംഘത്തലവന്‍ ബിപിന്‍ മാലിക് പറഞ്ഞു.
ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രസംഘവും മന്ത്രിമാരും.അടിയന്തര സഹായം 422 ല്‍ നിന്ന് 442 ആയി കേരളം ആവശ്യപ്പെട്ടെന്ന് റവന്യു മന്ത്രി അറിയിച്ചു.
അതേസമയം 226 കോടിരൂപയ്ക്കുള്ള സഹായം കേന്ദ്ര മാനദണ്ഡമനുസരിച്ചല്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതില്‍ 38 കോടി രൂപ ഒഴികെ ബാക്കി എല്ലാ തുകയും ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സംഘം ഉറപ്പ് നല്‍കിയെന്നും ഐസക് അറിയിച്ചു.