”ഒരു പ്രമുഖന്റെ അറസ്റ്റ്” ; സമകാലീന വിഷയങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് ഒരു ഷോര്‍ട്ട് ഫിലിം

പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും എന്താണ് സംഭവം എന്ന് മനസിലാകും. കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഒരു വിഷയത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്. ഒരു ന്യൂ ജനറേഷൻ സംവിധായകൻ വിപണന സാധ്യത മുന്നിൽ കണ്ട് റിയൽ സംഭവത്തെ ആസ്‌പദമാക്കി സിനിമ നിർമിക്കാൻ ലേഡി സൂപ്പർ സ്റ്റാറിനെ തട്ടിക്കൊണ്ടു പോകാൻ ഗുണ്ടക്ക് ക്വട്ടേഷൻ കൊടുക്കുന്നതും പിന്നിടൂ സിനിമ മേഖലയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആക്ഷേപ ഹാസ്യരൂപേണയാണ് സംവിധായകൻ കിരൺ ജി നാഥ്‌ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക സമീപനവും എവിടെയും വലിഞ്ഞു കയറി വാർത്തകൾ സൃഷ്ടിച്ചു ന്യൂസ് അവറും സായാഹ്ന ചർച്ചകളും നടത്തുന്ന മാധ്യമ ലോകത്തിന്റെ ഇന്നിന്റെ കപടതയും കിരൺ ഈ ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു.

കാലനിലയത്തിന്റെ രക്തരക്ഷസ്സായി അഭിനയിച്ച രജനി മുരളിയുടെ തനതായ ശൈലിയിൽ ഉളള ഹാസ്യ വേഷവും ശ്രദ്ധേയമായി. പുതുമുഖം ആണെങ്കിലും നഹാസ് അഹമ്മദ് എന്ന കലാകാരനിൽ ആ ‘പ്രമുഖ ‘ നായക വേഷം ഭദ്രമാണ്. കാജലിന്റെ നായിക വേഷം ചിത്രത്തിന് മിഴിവേകി. കണ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം മിഥുൻ മുരളി ആണു എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് . ആര്യയുടെ കഥയ്ക്ക് സംഭാഷണം ഒരുക്കിയത് തോന്നയ്ക്കൽ ജയചന്ദ്രനാണ്, ചിത്രത്തിലെ സുപ്രധാന നിർമാതാവ് വേഷവും ജയച്ചന്ദ്രൻ മനോഹരമാക്കി. സമകാലീന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം ആണ് ”ഒരു പ്രമുഖന്റെ അറസ്റ്റ്’.