പാര്‍വതിയെ ആക്ഷേപിച്ച കേസ് ; പ്രിന്റോയെ പോലീസ് അറസ്റ്റ് ചെയ്തത് കൊലപാതകികളെ പിടികൂടുന്ന തരത്തില്‍ ; സൈബര്‍ സെല്ലിന് എതിരെയും വ്യാപക പരാതി
നടി പാര്‍വ്വതിയെ സോഷ്യല്‍ മീഡിയ വഴി ആക്ഷേപിച്ച കേസില്‍ പോലീസ് ഇടപെട്ട രീതിയ്ക്ക് എതിരെ പ്രതിഷേധം. ഒരു പ്രമുഖ നടിയുടെ കാര്യം ആയതുകൊണ്ട് മാത്രമാണ് പോലീസിന് ഇത്ര ശുഷ്‌കാന്തി എന്നാണ് ആരോപണം. സമാനമായ മറ്റ് പരാതികളില്‍ ഇങ്ങനെ അറസ്റ്റോ നടപടികളോ ഇത്രവേഗം ഉണ്ടാകാറില്ല എന്നും ആരോപണം ഉയരുന്നുണ്ട്. കൂടാതെ പ്രതിയെ പോലീസ് പിടികൂടിയ രീതിയും ആരോ പറഞ്ഞു ചെയ്യിച്ചത് പോലെയാണ് എന്ന് പ്രിന്റോ പറയുന്നു. കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതുപോലെ ആയിരുന്നു തന്നെ അറസ്റ്റ് ചെയ്തത് എന്ന് പ്രിന്റോ ആരോപിക്കുന്നുണ്ട്. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു കൂടാതെ പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു പോലീസ് പ്രിന്റോയെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തതും. ഒരു ദിവസം മാത്രമായിരുന്നു പ്രിന്റോയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. ആദ്യ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യം നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം ജാമ്യം എടുക്കാന്‍ ആളെത്തി. അല്ലായിരുന്നെങ്കില്‍ ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നേനെ എന്നാണ് പറയുന്നത്.
അതേസമയം തന്നെക്കാള്‍ മോശമായ ഭാഷയില്‍ കമന്റ് ഇട്ടവര്‍ ഉണ്ട് എന്നും എന്നിട്ടും പോലീസ് തന്നെ മാത്രമാണ് പിടികൂടിയത് എന്നും തന്റെ മേല്‍ ചുമത്തപ്പെട്ട ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ് എന്ന ആക്ഷേപവും പ്രിന്റോ ഉന്നയിക്കുന്നുണ്ട്. പാര്‍വ്വതിക്കെതിരെ തിരിഞ്ഞവരെ മാത്രമാണ് തിരഞ്ഞ്പിടിക്കുന്നത് എന്നും പ്രിന്റോ ആരോപിക്കുന്നുണ്ട്. സെക്ഷന്‍ 67 എ പ്രകാരം ആയിരുന്നു പ്രിന്റോയ്‌ക്കെതിരെ കേസ് എടുത്തത്. അശ്ലീല ചുവയുള്ള പ്രയോഗം നടത്തി എന്ന ആരോപണത്തില്‍ ആണ് ഇത്. എന്നാല്‍ പ്രിന്റോയുടെ കാര്യത്തില്‍ ഈ കേസ് നിലനില്‍ക്കില്ലെന്നും ചിലര്‍ പറയുന്നുണ്ട്. അതുപോലെ കേസില്‍ സത്വര നടപടികള്‍ സ്വീകരിച്ച സൈബര്‍ സെല്ലിനെതിരേയും ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആയിരക്കണക്കിന് പരാതികളില്‍ ഒരു നടപടിയും സ്വീകരിക്കാതെ ഇരിക്കുന്ന സൈബര്‍ സെല്‍ എന്തുകൊണ്ട് പാര്‍വ്വതിയുടെ കാര്യത്തില്‍ മാത്രം ഇത്രയും ശുഷ്‌കാന്തി കാണിക്കുന്നു എന്നാണ് ചിലരുടെ ചോദ്യം.
സംഭവത്തില്‍ മറ്റൊരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജന്‍ ആണ് അറസ്റ്റിലായിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആയിരുന്നു ഇയാളുടെ ഭീഷണി. “ചിലര്‍ എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്. എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരുണ്ട്’. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടത് എങ്ങനെയാണോ അതുപോലെ തന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണിയുമായി എത്തിയ സന്ദര്‍ഭങ്ങളുമുണ്ടായെന്നും പാര്‍വതിയുടെ പരാതിയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.