തോല്‍വിയില്‍ ഉഴറുന്നെങ്കിലും റയലിനും റൊണാള്‍ഡോയ്ക്കും ആശ്വസിക്കാന്‍ ഈ പുരസ്‌ക്കാരങ്ങള്‍
സാന്റിയാഗോ: നിരവധി കിരീടങ്ങള്‍ ഷോക്കേസിലെത്തിച്ച് 2017നെ അവിസ്മരണീയമാക്കുകയാണ് റയല്‍ മാഡ്രിഡ്.എങ്കിലും വര്‍ഷാന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളും റയല്‍ നിരയിലുണ്ട്.ലാലിഗയില്‍ ഇതുവരെ താളം കണ്ടെത്താനാകാത്തതും,തുടര്‍ തോല്‍വികളും റയല്‍ നേരിട്ടുകൊണ്ടേയിരിക്കുന്നു.അവസാനാമായി എല്‍ക്ലാസിക്കോയില്‍ നേരിട്ട കനത്ത പരാജയം ടീമിനെ ബാധിച്ചിട്ടുമുണ്ട്.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഈ വര്‍ഷത്തെ മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ട റയല്‍ മാഡ്രിഡ് ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. അതോടൊപ്പം മികച്ച കോച്ച് ആയി റയല്‍ മാഡ്രിഡ് കോച്ച് സിദാനും മികച്ച കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിരഞ്ഞെടുക്കപ്പെട്ടു.വൈകിയെത്തിയ പുരസ്‌ക്കാരങ്ങള്‍ റയല്‍ നിരയില്‍ ഒരല്‍പം ആശ്വാസം നല്‍കുന്നുണ്ട്.
ഇതോടെ അഞ്ചാം തവണയും തുടര്‍ച്ചയായ രണ്ടാം തവണയുമാണ് റൊണാള്‍ഡോ മികച്ച കളിക്കാരനുള്ള അവാര്‍ഡ് കരസ്ഥമാക്കുന്നത്. തനിക്ക് ലഭിച്ച മികച്ച കോച്ചിനുള്ള അവാര്‍ഡിന് തന്റെ ടീം അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സിദാന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. 2017ല്‍ റയല്‍ മാഡ്രിഡ് 5 ട്രോഫികളാണ് കരസ്ഥമാക്കിയത്.
ദുബൈയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. മികച്ച ലീഗിനുള്ള അവാര്‍ഡ് ലാ ലീഗക്ക് ലഭിച്ചു. ബാഴ്‌സലോണ മുന്‍ താരം കാര്‍ലോസ് പുയോളിനെയും റോമയുടെ മുന്‍ താരം ഫ്രാന്‍സിസ്‌കോ ടോട്ടിയെയും ചടങ്ങില്‍ ആദരിച്ചു.