ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം: കുട്ടിയുള്‍പ്പെടെ 12 മരണം, 4 പേര്‍ക്ക് ഗുരുതര പരുക്ക്

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്(ബ്രോണ്‍സ്): ബ്രോണ്‍സിലെ അപ്പോര്‍ട്ട്‌മെന്റ് തീപിടിച്ചു ഒരു കുട്ടി ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിക്കുകയും, നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് മേയര്‍ ഡി. ബല്‍സിയൊ വ്യാഴാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് സിറ്റിയിലെ സമീപ കാല സംഭവങ്ങളില്‍ ഇത്രയും പേര്‍ തീപിടുത്തത്തില്‍ കൊല്ലപ്പെടുന്നതു ആദ്യമായാണെന്നും മേയര്‍ പറഞ്ഞു.

അഞ്ചു നില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ അണക്കുന്നതിനായി 160 അഗ്നിശമന സേനാംഗങ്ങളും, നിരവധി വളണ്ടിയര്‍മാരും ആഹോരാത്രം അക്ഷീണ പ്രയത്‌നം നടത്തി വരുന്നതായും മേയര്‍ അറിയിച്ചു.

ഒരു വയസ്സു മുതല്‍ 50 വയസ്സു വരെയുള്ളവരാണ് മരിച്ചവരെന്നും, കൂടുതല്‍ വിവരങ്ങള്‍ പിന്നീടു വെളിപ്പെടുത്താമെന്നും കമ്മീഷന്‍ ഡാനിയേല്‍ പറഞ്ഞു.

ഒന്നാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നും, ന്യൂയോര്‍ക്കില്‍ അതിശൈത്യമായിരുന്നിട്ടും, രാത്രി ഏഴുമണിയോടെയാണ് തീ നിയന്ത്രണാധീതമായതെന്ന് കമ്മീഷന്‍ പറഞ്ഞു. ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ 2007 ല്‍ ബ്രോണ്‍സില്‍ ഉണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ചിരുന്നു.