മുത്തലാഖിന് പിന്നാലെ ബഹു ഭാര്യത്വവും നിരോധിക്കണം എന്ന് ആവശ്യം
ന്യൂഡല്‍ഹി : മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്നും ആവശ്യമുയരുന്നു. മുസ്ലീം പുരുഷന്‍മാര്‍ക്ക് ബഹുഭാര്യാത്വം ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്നാണ് ഇവര്‍ പറയുന്നത്. മുത്തലാഖിനേക്കാള്‍ പരിതാപകരമായ അവസ്ഥയാണ് ഇതെന്നും അവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുത്തലാഖിനെതിരെ കടുത്ത നടപടി എടുക്കാന്‍ 1985ലെ ഷബാനു കേസിന്റെ സമയത്ത് അവസരം ലഭിച്ചിരുന്നെങ്കിലും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത് നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു.
ബഹുഭാര്യാത്വം നിലനില്‍ക്കുന്നിടത്തോളം കാലം മുത്തലാഖ് നിരോധനംകൊണ്ട് മുസ്ലീം വനിതകളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ് പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ മുസ്ലീം വനിതാ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ ഇരകളായ റിസ്വാന, റസിയ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.