ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ രാജിവച്ചേക്കും; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്:വകുപ്പു വിഭജനത്തെച്ചൊല്ലി ഗുജറാത്ത് ബിജെപിയില്‍ തര്‍ക്കം മുറുകുന്നു.തര്‍ക്കം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവ ശ്രദ്ധയിലാണ് ബി.ജെ.പി. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് തര്‍ക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.അതേ സമയം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിനെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി.

മുതിര്‍ന്ന നേതാവായ നിധിന്‍ പട്ടേലിനെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ ഹാര്‍ദിക് പട്ടേല്‍, അദ്ദേഹത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും പറഞ്ഞു.ആവശ്യപ്പെട്ട വകുപ്പ് കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് നിതിന്‍ പട്ടേലിന്റെ ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും നിതിന്‍ പട്ടേല്‍ കത്തയച്ചു.

ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നിധിന്‍ പട്ടേലിനെ മാറ്റിയിരുന്നു. മറ്റ് മന്ത്രിമാര്‍ക്ക് ഓഫീസ് അനുവദിച്ചിട്ടും ഗാന്ധിനഗറില്‍ നിധിന്‍ പട്ടേലിന് ഓഫീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്ന് നിധിന്‍ പട്ടേല്‍ പാര്‍ട്ടിയുമായി ഉടക്കിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു

‘പാര്‍ട്ടിക്കായി കഠിനമായി പ്രയത്‌നിച്ചിട്ടും ബി.ജെ.പി പരിഗണന നല്‍കുന്നില്ലെങ്കില്‍ നിധിന്‍ പട്ടേലിന് ഞങ്ങള്‍ക്കൊപ്പം ചേരാവുന്നതാണ്. ‘- ഹാര്‍ദിക് മാധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം 10 എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹാര്‍ദിക് പറയുന്നു. അവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവരെ സ്വാഗതെ ചെയ്യാനും ഉചിതമായ സ്ഥാനങ്ങള്‍ നല്‍കാനും കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.