ബംഗ്ലൂരില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ വേണ്ട എന്ന് ഹിന്ദു സംഘടനകള്‍ ; ആഘോഷങ്ങള്‍ നടത്തുന്നവരെ ആക്രമിക്കാന്‍ നിര്‍ദേശം

രാജ്യത്ത് പുതു വര്‍ഷ ആഘോഷങ്ങള്‍ ഏറ്റവും ഗംഭീരമായി നടത്തുന്ന നഗരങ്ങളില്‍ ഒന്നാണ് ബംഗ്ലൂര്‍. എന്നാല്‍ ഇത്തവണ കാര്യങ്ങളുടെ കിടപ്പ് അത്ര നല്ല രീതിയില്‍ അല്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സണ്ണി ലിയോൺ പങ്കെടുക്കുന്ന നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നത് സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതുവത്സരദിനത്തിലെ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്. രാത്രി 12 മണിക്കു മുൻപ് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ നഗരത്തിലെ ഹോട്ടലുകൾക്ക് നിർദേശം നൽകുകയും ചെയ്തു.

കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ പോലീസിനേയും സമീപിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷത്തിൽ ലഹരിയുടെ അമിത ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവും നടക്കുന്നതായി ആരോപിച്ചാണ് നിയന്ത്രണവുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സദാചാര പോലീസിങ് നടത്താൻ ഒരു സംഘടനയ്ക്കും അധികാരമില്ലെന്നു കർണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരം സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണ് എന്നാല്‍ അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്തവണ അനുസരിക്കാന്‍ തയ്യാറാകാത്തവരെ ആക്രമിക്കാന്‍ ആണ് ഇവരുടെ പരിപാടി എന്ന് രഹസ്യവിവരങ്ങള്‍ ഉണ്ട്.