പദ്മാവതിക്ക് പ്രദര്‍ശനാനുമതി
ഏറെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ബോളിവുഡ് ചിത്രം പദ്മാവതിക്ക് പ്രദര്‍ശനാനുമതി.ഉപാധികളോടെ ചിത്രം പ്രദര്‍ശിപ്പിക്കാം.സിനിമയുടെ പേര് പദ്മാവതി എന്നില്‍ നിന്ന് ‘പദ്മാവത്’ എന്നാക്കണമെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചു.ചിത്രത്തില്‍ 26 മാറ്റങ്ങള്‍ വരുത്തണം.ചരിത്രവുമായി സിനിമയ്ക്ക് ബന്ധമില്ലെന്ന് എഴുതി കാണിക്കണം.എങ്കില്‍ മാത്രമേ യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.
രജപുത്രസംസ്‌കാരത്തെ വികലമാക്കുന്ന ചിത്രമാണോ പദ്മാവതിയെന്നും സമിതി പരിശോധിച്ചു. ചരിത്രത്തിന്റെ ഭാഗീകാവതരണം ഒഴിവാക്കാന്‍ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നുമായിരുന്നു ചിത്രത്തിനെതിരായ ആരോപണം.
ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി. പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു.