വഴിയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറിനെ ക്രിസ്മസ് അപ്പൂപ്പന്‍ ഓടിച്ചിട്ടു പിടിച്ചു; വീഡിയോ വൈറല്‍
റോഡു മുറിച്ചുകടക്കുകയായിരുന്ന വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്ന ക്രിസ്മസ് അപ്പൂപ്പന്റെ വീഡിയോ വൈറലാകുന്നു.
രണ്ടാഴ്ചകള്‍ക്കു മുമ്പ് പാരീസില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ക്രിസ്മസ് പാപ്പയുടെ വേഷത്തില്‍ ബൈക്കില്‍ നഗരം ചുറ്റുകയായിരുന്ന ക്രിസ് എന്നയാളാണു വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയതിനു ശേഷം കടന്നുകളയാന്‍ ശ്രമിച്ച കാറിനെ പിന്തുടര്‍ന്നു പിടിച്ചത്.
ട്രാഫിക് സിഗ്‌നലിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്ന വഴിയാത്രികനെ പാഞ്ഞെത്തിയ കറുത്ത കാര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്ത്താതെ അതിവേഗത്തില്‍ പാഞ്ഞുപോകുന്നത് വീഡിയോയില്‍ കാണാം.എന്നാല്‍ ഇത് കണ്ടുകൊണ്ടിരുന്ന ക്രിസ് കാറിനെ പിന്തുടര്‍ന്നു നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടകരമായ വേഗത്തില്‍ ഡ്രൈവര്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ മരണപ്പാച്ചിലുകള്‍ക്കൊടുവില്‍ റോഡിലുണ്ടായിരുന്ന പൊലീസിന്റെ സഹായത്തടെയാണ് വാഹനം പിടികൂടാനായത്. വാഹനം ഓടിച്ചിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും വീഡിയോയിലുണ്ട്.