സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു പുറമെ അത്തരം പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാട്. ഇത്തരം കുറ്റകൃത്യം ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുന്നു. അശ്ലീലമായതോ അധിക്ഷേപിക്കുന്നതോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് പുതിയ നിയമം.
ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍
* അധിക്ഷേപിക്കുന്ന തരത്തിലോ അശ്ലീലച്ചുവയിലോ ഉള്ള കുറിപ്പുകള്‍, പോസ്റ്റുകള്‍.
* മറ്റൊരാള്‍ എഴുതിയ ഇത്തരം കുറിപ്പുകള്‍ക്കുള്ള ലൈക്കും ഷെയറും കമന്റും .
* അശ്ലീലമായതോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിവ പ്രചരിപ്പിക്കല്‍.
* മറ്റൊരാളുടെ സൈബര്‍ ഇടത്തിലേക്ക് അതിക്രമിച്ചുകയറല്‍.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തല്‍ കേരളത്തില്‍ ഏറെ നടക്കുന്നുണ്ടെന്ന് സംസ്ഥാന ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയിലെ ഉന്നതോദ്യോഗസ്ഥന് വ്യക്തമാക്കി. എന്നാല്‍ പരാതി നല്കുന്നവര് കേസ് കോടതിയിലെത്തുമ്പോള്‍ പിന്മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് 13ാം സ്ഥാനത്താണ് കേരളം. സ്ത്രീത്വത്തെ അപമാനിച്ചതിന് 2016-ല്‍ 28 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.