മുഖ്യമന്ത്രിക്കു വധഭീഷണി: കൊലക്കേസ് പ്രതിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍:മുഖ്യമന്ത്രി പിണറായി വിജയനുനേര്‍ക്ക് ഫോണിലൂടെ വധഭീഷണി നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ തൃശൂരില്‍ കസ്റ്റഡിയില്‍. കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള പാലക്കാട് സ്വദേശികളാണ് പിടിയിലായത്. അയല്‍വാസിയോടുള്ള പക തീര്‍ക്കാന്‍ അവരുടെ ഫോണ്‍ മോഷ്ടിച്ച് വിളിക്കുകയായിരുന്നുവെന്ന് ഇരുവരും പൊലീസില്‍ മൊഴി നല്‍കി.
വെള്ളിയാഴ്ച രാവിലെ ചാലക്കുടിയില്‍നിന്നു തൃശൂര്‍ക്കു സഞ്ചരിക്കുകയായിരുന്ന സജേഷ് കുമാര്‍ എന്നയാളുടെ മൊബൈലിലേക്കാണ് ‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൊല്ലപ്പെടും’ എന്ന സന്ദേശമെത്തിയത്. സജേഷ് കുമാര്‍ അപ്പോള്‍ത്തന്നെ തൃശൂര്‍ ഈസ്റ്റ് പൊലീസിലെത്തി ഈ വിവരം അറിയിച്ചു. മെസേജ് വന്ന നമ്പറിന്റെ ഉറവിടം പാലക്കാടാണെന്നും മുഖ്യമന്ത്രി വെള്ളിയാഴ്ച പാലക്കാട്ടാണെന്നും വ്യക്തമായതോടെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുകയുമായിരുന്നു.
കല്ലേക്കാട് പിരായിരിയില്‍ ചായക്കട നടത്തുന്ന സൈനബയുടെ മൊബൈല്‍ നമ്പറില്‍നിന്നായിരുന്നു സന്ദേശം. സൈനബയുടെ ഫോണ്‍ മൂന്നു ദിവസം മുന്‍പു മോഷണം പോയിരുന്നു.