ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിശാല്‍ പട്ടേല്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍
വെര്‍ജീനിയ: വ്യാജ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയല്‍ രേഖകളും സംഘടിപ്പിച്ച് ഡോക്ടര്‍ ജോലി തരപ്പെടുത്തിയ ഇന്ത്യന്‍- അമേരിക്കന്‍ യുവാവ് വിശാല്‍ പട്ടേലിനെ (30) അറസ്റ്റ് ചെയ്തതായി വെര്‍ജീനിയ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് യു.എസ്. അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
വെര്‍ജീനിയ ഗ്ലെന്‍ അലനിലുള്ള വിശാലിനെ കന്‍സാസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വെര്‍ജീനിയയിലെ ലൈസന്‍സുള്ള ഫിസിഷ്യന്‍ ആണെന്നു പറഞ്ഞാണ് വിവിധ മെഡിക്കല്‍ സ്റ്റാഫിംഗ് കമ്പനികളില്‍ ജോലിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചത്. വെര്‍ജീനിയയിലെ വിവിധ ലൈസന്‍സുള്ള ഡോക്ടര്‍മാരുടെ രജിസ്ട്രേഷനും, ലൈസന്‍സ് നമ്പരുകളും ഇതിനായി ഉപയോഗിച്ചതായി അറ്റോര്‍ണി ഓഫീസ് ചൂണ്ടിക്കാട്ടി.
ന്യൂസ്പോര്‍ട്ട് ന്യൂസിലുള്ള ഒരു ഫ്രീ ക്ലിനിക്കല്‍ ഡോക്ടറായുള്ള നിയമനവും വിശാല്‍ തരപ്പെടുത്തിയിരുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ഐഡന്റിറ്റി തെഫ്റ്റ്, വയര്‍ ഫ്രോഡ് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് വിശാലിനെതിരേ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് ഇവയെന്നു അറ്റോര്‍ണി ഓഫീസ് അറിയിച്ചു.