ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് ടീം വക പരാജയത്തിന്റെ പുതുവത്സര സമ്മാനം
കൊച്ചി : പുതുവത്സരം ആഘോഷിക്കാന്‍ എത്തിയ ആരാധകരെ നിരാശരാക്കി മഞ്ഞപ്പട. സ്വന്തം തട്ടകത്തിൽ, ആർത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നിൽ നാണംകെട്ട തോൽവിയാണ് പുതുവർഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമിൽ ഒരു മിനിറ്റിൽ മൂന്ന് ഗോൾ വീണ മത്സരത്തിൽ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ഗോൾരഹിതമായ ആദ്യപകുതി വിരസത മാത്രം സമ്മാനിച്ചപ്പോൾ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷേ, 60-ാം മിനിറ്റിൽ ഇടിത്തീ പോലെ ബ്ലാസ്റ്റേഴ്സ് വലയിൽ ഗോൾ വീണു. പെനാൽറ്റി കിക്കിലൂടെ സുനിൽ ഛേത്രിയാണ് ബെംഗളൂരു എഫ്സിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു പിന്നീടുള്ള ഗോളുകൾ. 90-ാം മിനിറ്റിൽ തുടർച്ചയായ രണ്ട് ഗോളുകൾ നേടി മിക്കു മഞ്ഞപ്പടയെ നാണംകെടുത്തി. ഒടുവിൽ അവസാന വിസിലിന് തൊട്ടുമുൻപ് കേരളത്തിന്റെ ആശ്വാസഗോളും. സികെ വിനീത്, റിനോ ആന്റോ, ബെർബറ്റോവ് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കളിക്കാനിറങ്ങിയത്. ഇതോടെ ഏഴ് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്. എട്ട് കളികളിൽ നിന്ന് പതിനഞ്ച് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തേയ്ക്കുയർന്നു.