അനാരോഗ്യം മൂലം വലഞ്ഞ ഇന്ത്യന്‍ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: പ്രമേഹം കലശലായതിനെത്തുടര്‍ന്ന് തളര്‍ന്നു വീണ ആന്ധ്രാപ്രദേശ് സ്വദേശിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനിയായ ജ്യോതിയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ജ്യോതി ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി ദമ്മാമില്‍ എത്തിയത്. നാട്ടില്‍ വെച്ചേ പ്രമേഹരോഗിയായ ജ്യോതിയെ, വിസ ഏജന്റ് പൈസ വാങ്ങി മെഡിക്കല്‍ പാസ്സാക്കിയാണ് കയറ്റി വിട്ടത്. ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നെകിലും അനാരോഗ്യം ജ്യോതിയെ ഗുരുതരമായി ബാധിച്ചു. ഒരു ദിവസം പ്രമേഹം കൂടുതലായി ജ്യോതി ജോലിസ്ഥലത്ത് തല കറങ്ങി വീണു. അനാരോഗ്യമുള്ള ജ്യോതിയ്ക്ക് വീട്ടുജോലി ചെയ്യാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ സ്‌പോണ്‍സര്‍, അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു മടങ്ങി.
വനിതാഅഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ജ്യോതി വിവരങ്ങള്‍ പറഞ്ഞു, നാട്ടിലേയ്ക്ക് പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍, ജ്യോതിയുടെ സ്‌പോണ്‍സറുമായും, വിസ ഏജന്റുമായും ചര്‍ച്ചകള്‍ നടത്തി. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ജ്യോതിയ്ക്ക് ഫൈനല്‍ എക്‌സിറ്റും, നാട്ടിലേയ്ക്ക് മടങ്ങാനുള്ള ടിക്കറ്റും കൊടുക്കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.
അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, സ്‌പോണ്‍സര്‍ നല്‍കിയ ടിക്കറ്റില്‍ ജ്യോതി നാട്ടിലേയ്ക്ക് മടങ്ങി.