രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ഇന്ന് ; കാതോര്‍ത്ത് തമിഴ് ലോകം ; പ്രതീക്ഷ ബി ജെ പിക്ക്
ചെന്നൈ : ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍സ്റ്റാര്‍ ആയ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് തമിഴ് ലോകം. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തില്‍ രജനീകാന്ത് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ വെല്ലുവിളികള്‍ അറിയാമെന്നും അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത് എന്നുമായിരുന്നു ആരാധകസംഗമത്തിന്റെ ആദ്യ ദിനം രജനി പറഞ്ഞത്. യുദ്ധത്തിനിറങ്ങാന്‍ സമയമായെന്നും, ജയം ഉറപ്പാക്കണമെന്നും രജനീകാന്ത് ആരാധകരോട് പറഞ്ഞിരുന്നു. ബിജെപിയുടെ നിശ്ശബ്ദ പിന്തുണയോടെ ഒരു സംഘടന പ്രഖ്യാപിയ്ക്കാനാണ് രജനീകാന്തിന്റെ പദ്ധതിയെന്നാണ് സൂചന. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പിന്നീടുണ്ടാകും.
നേരത്തെ തന്‍റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12-ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31-ന് തീരുമാനം വെളിപ്പെടുത്തുമെന്ന് രജനി വ്യക്തമാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗത്തുള്ള ആരാധകരെ നേരില്‍ക്കാണുന്നതിനായി മേയിലും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ചര്‍ച്ചകളില്‍ സജീവമാണ് അദ്ധേഹം. രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സമയമാകുമ്പോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ പ്രതികരണം. അതുപോലെ 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു.