മരണം കൊണ്ടു പോകുന്നതിനു മുന്‍പ് അവന്‍ അവളെ ജീവിത സഖിയാക്കി ;വിവാഹത്തിന്റെ പതിനെട്ടാം മണിക്കൂറില്‍ ഡേവിഡിനെ തനിച്ചാക്കി ഹീതര്‍ യാത്രയായി ; ഒരു അനശ്വര പ്രണയകഥ
മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ആശുപത്രി കിടക്കയില്‍ കിടന്ന് ഹീതര്‍ ‘ഐ ഡു’ എന്ന് പതിയെ മൂളുമ്പോള്‍ ഡേവിഡിന് അറിയാമായിരുന്നു തന്റെ ദാമ്പത്യ ജീവിതത്തിന് അധികം ആയുസില്ലെന്ന്. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതായിരുന്നു ഹീതറിന് തിരിച്ചുവരവ് സാധ്യമല്ലെന്നും, എങ്കിലും ഡേവിഡ് ആഗ്രഹിച്ചത് ഹീതറിനെ വിവാഹ മോതിരം അണിയിക്കാന്‍ തന്നെയായിരുന്നു. ആശുപത്രി കിടക്കിയില്‍ കിടന്നു തന്നെയായിരുന്നു ചടങ്ങുകള്‍. എന്നാല്‍ ഹീതറിനെ വിവാഹ വസ്ത്രങ്ങള്‍ അണിയിച്ച് സുന്ദരിയായി നവവധുവാക്കി ഡേവിഡ് ചേര്‍ത്തു പിടിച്ചു. അമേരിക്കയിലെ ഫ്രാന്‍സിസ് ആശുപത്രിയില്‍ കീമോ ചികിത്സാ മുറി വിവാഹവേദിയായപ്പോള്‍ കണ്ടു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. ഒരു വര്‍ഷത്തിലേറെയായി സ്തനാര്‍ബുദം ബാധിച്ച് കിടപ്പിലായ ഹീതര്‍ ലിന്‍ഡ്‌സിയും കാമുകന്‍ ഡേവിഡ് മോഷറുമാണ് ആധുനിക കാലത്തെ റോമിയോയും ജൂലിയറ്റുമായി ലോകത്തെ കണ്ണീരണിയിച്ചത്.
2015 മേയില്‍ ഒരു ഡാന്‍സ് ക്ലാസില്‍ വച്ചാണ് ഹീതറും ഡേവിഡും കണ്ടുമുട്ടിയതും പ്രണയം ആരംഭിച്ചതും. പ്രണയത്തിന്റെ മധുരദിനങ്ങളിലാണ് 2016 ഡിസംബറില്‍ ഹീതറിന് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. രോഗത്തെ കുറിച്ച് അറിഞ്ഞ ആ രാത്രി തന്നെ ഡേവിഡ് അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അര്‍ബുദത്തിനെ ഒരുമിച്ച് പോരാടാം എന്ന വാക്ക് നല്‍കി ചേര്‍ത്തു പിടിച്ചു.എന്നാല്‍ അതിനോടകം തന്നെ ഗുരുതരമായ ക്യാന്‍സര്‍, മൂന്നാം ഘട്ടത്തിലേക്കടുത്തിരുന്നു. ഹീതറിന്റെ അര്‍ബുദം അവളെ തന്നില്‍ നിന്നും അകറ്റുമെന്ന് ഡേവിഡിന് ഉറപ്പായി. മാസങ്ങള്‍ കടന്നു പോയി. ഹീതര്‍ പൂര്‍ണമായും കിടപ്പിലായി. എങ്കിലും ഡേവിഡ് ആശുപത്രി കിടക്കയില്‍ ഹീതറിനെ തനിച്ചു വിടാതെ കൂടെ തന്നെ ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹീതര്‍ അര്‍ബുദത്തോട് പടപൊരുതി ക്ഷീണതയായി, രോഗം ഗുരുതരമായി തുടര്‍ന്നതോടെ, 2017 ഡിസംബര്‍ 30ന് വിവാഹിതരാകാമെന്ന് ഹീതറും ഡേവിഡും തീരുമാനിച്ചു. എന്നാല്‍ ഏതു നിമിഷവും മരണം ഹീതറിനെ തേടിയെത്തിയേക്കുമെന്ന ഭയം കടന്നു വന്നതോടെ ഡിസംബര്‍ 23ന് ഇരുവരും വിവാഹിതരായി.
എങ്കിലും ഒരു ദിനം പോലും വിവാഹജീവിതത്തിന് ആയുസുണ്ടായില്ല. 18 മണിക്കൂര്‍ മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഡേവിഡിനെ തനിച്ചാക്കി ഹീതര്‍ ജീവിതത്തോട് വിട പറഞ്ഞു. ശനിയാഴ്ചയായിരുന്നു ഹീതറിന്റെ സംസ്‌കാര ചടങ്ങുകള്‍.ഹീതറിന് മാത്രമേ അതിന് സാധിക്കുമായിരുന്നുള്ളൂ, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മരണത്തിനു മുന്നില്‍ നേരത്തേ തോറ്റുകൊടുത്തേനെ. ഡോക്ടര്‍മാര്‍ക്കുവരെ ഇക്കാര്യത്തില്‍ അദ്ഭുതമായിരുന്നു, വിവാഹദിനത്തില്‍ അവള്‍ പറഞ്ഞു, മരണമേ, ഞാന്‍ നിന്നെ ഭയക്കുന്നില്ല, ഞാന്‍ പ്രണയത്തിലാണ്. ആ പ്രണയത്തെ ഞാന്‍ ആഘോഷിക്കാന്‍ പോവുകയാണ്, ഈ നിമിഷം തന്നെ”- ഡേവിഡ് പറയുന്നു. ക്യാന്‍സര്‍ രോഗിയായിരുന്ന കാമുകിയെ മരണത്തിന് മണിക്കൂറുകള്‍ മുന്‍പെ ജീവിതപങ്കാളിയാക്കിയ വാര്‍ത്ത ഒരു തേങ്ങലോടെയാണ് ലോകം സ്വീകരിച്ചത്.