മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിക്കും: ഡോക്ടര്‍മാരുടെ സമരം നിര്‍ത്തി

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനദ്രോഹപരമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിവന്ന ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു. മെഡിക്കല്‍ കമ്മഷന്‍ ബില്‍ ലോക്സഭ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ട സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.

പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബില്ലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സ്റ്റാന്‍ഡിങ് കമ്മറ്റി പരിഗണിച്ചേക്കും.അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോക്സഭാ സ്പീക്കര്‍ സ്റ്റാന്‍ഡിങ് കമ്മറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിരുന്നു. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്. പഠനം അസാധ്യമാക്കും, വിദ്യാഭ്യാസത്തിന്റെ നിലവാരം താഴും. അഴിമതി വളര്‍ത്താനാണ് ഇത് ഉപകരിക്കുക എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് ബില്ലിനെതിരെ ഉയര്‍ന്നു വന്നത്.

മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ഐ.എം.എ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.

പ്രതിഷേധ സൂചകമായി നടത്തിയ മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌ക്കരണം മാത്രമാണ് നടന്നതെങ്കിലും സമരത്തെക്കുറിച്ച് അറിയാതെ എത്തിയ രോഗികള്‍ ദുരിതത്തിലായി.