യുദ്ധഭീതിയകലുന്നു; ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കിം ജോങ്

സോള്‍:യുദ്ധഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുമ്പോഴും ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കു തയാറായി ദക്ഷിണ കൊറിയ. പ്യോങാങ്ങുമായി ഉന്നതതല ചര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങളാണ് സോളില്‍ നടക്കുന്നത്. അടുത്ത ആഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ചര്‍ച്ച നടക്കും.

ശത്രുരാജ്യങ്ങളായ രണ്ടു കൊറിയകളും തര്‍ക്കം മറന്ന് ചര്‍ച്ചയ്ക്കു തയാറായതു ശുഭസൂചകമായാണ് നയതന്ത്ര വിദഗ്ധര്‍ കാണുന്നത്. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഭീഷണി മുഴക്കുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ തന്നെയാണ് സമാധാന ശ്രമത്തിനു മുന്‍കൈയെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പുതുവല്‍സര സന്ദേശം നല്‍കാന്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ട കിം, അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന് ആശംസ അറിയിച്ചത് ഏവരെയും അമ്പരപ്പിച്ചു.

ഒളിംപിക്‌സിന് ഉത്തര കൊറിയന്‍ സംഘത്തെ അയയ്ക്കുന്നത് പരിഗണിക്കുമെന്ന പറഞ്ഞ കിം, രാജ്യത്തിന്റെ അഭിമാനം കാണിക്കാനുള്ള വലിയ അവസരമാണ് പങ്കാളിത്തമെന്നു വ്യക്തമാക്കി. ഒളിംപിക്‌സ് വന്‍ വിജയമാകട്ടെ എന്നാശംസിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരു കൊറിയയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരണമെന്നും കിം ആവശ്യപ്പെട്ടു. ഇതാണ് അപ്രതീക്ഷിത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ദക്ഷിണ കൊറിയ അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍, പുതുവര്‍ഷ സന്ദേശത്തിന്റെ ആദ്യഭാഗത്ത് സൗമനസ്യത്തിലല്ല കിം സംസാരിച്ചത്. ആണവ ബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ട്. ഇതു ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്ന് യു.എസ് തിരിച്ചറിയണം. ബാലിസ്റ്റിക് മിസൈലുകളും ആണവ പോര്‍മുനകളും ഈ വര്‍ഷം ആവശ്യം പോലെ നിര്‍മിക്കും. ലോകത്തിന്റെ ആശങ്കകളെ തെല്ലും വകവയ്ക്കുകയില്ല. അണ്വായുധ പദ്ധതി തുടരും. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക സംഘര്‍ഷം ഒഴിവാക്കാന്‍ ദക്ഷിണ കൊറിയയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും കിം വ്യക്തമാക്കി.

ഒളിംപിക്‌സില്‍ പങ്കെടുക്കുമെന്ന കിമ്മിന്റെ പ്രഖ്യാപനത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെങ്കില്‍ ഉത്തര കൊറിയയുമായി ഏതു സമയത്തും എവിടെ വച്ചും ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞത്.