ഇടിച്ചു പടമായി കെഎസ്ആര്‍ടിസി സ്‌കാനിയ; നഷ്ടം നാലുകോടി
തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 18 സ്‌കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടപ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ട്ടം നാലുകോടി രൂപ. തകര്‍ന്ന ബസുകള്‍ നേരെയാക്കാന്‍ ചെലവിടേണ്ടിവന്നത് 84.34 ലക്ഷം രൂപ.
അപകടമുണ്ടായി കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് 314 ദിവസം ബസുകള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല. ഇതുവഴി ദിവസം 80,000 രൂപയുടെ നഷ്ടമാനുണ്ടായിരിക്കുന്നത്. ഒന്നരക്കോടി രൂപവരുന്ന ഒരു ബസ് അപകടത്തെത്തുടര്‍ന്ന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവര്‍ ഉറങ്ങിയതുകാരണം ബെംഗളൂരുവില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ ബസ്സാകട്ടെ നന്നാക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഡ്രൈവര്‍മാര്‍ വരുത്തുന്ന പിഴവാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കുറ്റക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരേ കാര്യമായ ശിക്ഷാനടപടികള്‍ എടുക്കാറില്ല. മൂന്നു സ്‌കാനിയ ഡ്രൈവര്‍മാരില്‍നിന്നു മാത്രമാണ് പിഴ ഈടാക്കിയത്.
നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളുടെ പിന്നില്‍ ഇടിച്ച് അപകടമുനാക്കിയവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മൂന്നു സംഭവങ്ങളില്‍നിന്നായി 44,263 രൂപ നഷ്ടപരിഹാരം ഈടാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുമെങ്കിലും കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ ഒതുക്കും. ഡ്രൈവര്‍മാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നപ്പോഴാണ് അപകടനിരക്ക് കാര്യമായി ഉയര്‍ന്നത്.
കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് അപകടനിരക്ക് ഉയര്‍ത്തുന്നുണ്ടെന്ന് ദക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവര്‍മാരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പുസഹിതം കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
സ്‌കാനിയയില്‍നിന്നും 18 ബസുകള്‍ ഒരുമിച്ചു വാങ്ങിയെങ്കിലും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഇതുമൂലം കമ്പനി ആവശ്യപ്പെടുന്ന തുക നല്‍കേണ്ട അവസ്ഥയിലാണ്.