മെഡിക്കല്‍ കമ്മിഷന്‍ ബില്‍: ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു; ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദ് ആരംഭിച്ചു.വൈകിട്ട് ആര് വരെയാണ് ബന്ദ് നടത്തുന്നത്.ബന്ദില്‍ കേരളത്തിലെ ഡോക്ടര്‍മാരും പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നു തടസ്സപ്പെട്ടേക്കും.സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒരുമണിക്കൂര്‍ ഒ.പി. ബഹിഷ്‌കരണമാണ് പറയുന്നതെങ്കിലും പ്രവര്‍ത്തനം സ്തംഭിക്കാനാണ് സാധ്യത.കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാര്‍ ബന്ദില്‍ പങ്കെടുക്കുന്നുണ്ട്.

ബന്ദിനോടുള്ള പിന്തുണയറിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കും.മെഡിക്കല്‍ വിദ്യാര്‍ഥികളും പണിമുടക്കില്‍ പങ്കുചേരും. എന്നാല്‍,ബന്ദില്‍ നിന്ന് അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്.ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്നു ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ജന.സെക്രട്ടറി ഡോ.എ.കെ.റഊഫ് എന്നിവര്‍ ആരോപിച്ചു.

സമരത്തില്‍ പങ്കുചേരുമെന്നു കേരള ഗവ.സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു. ഹോമിയോപ്പതി, ആയുര്‍വേദം എന്നിവ ഉള്‍പ്പടെയുള്ളവയില്‍ ബിരുദമുള്ളവര്‍ക്ക് അലോപ്പതി പരിശീലിനത്തിന് അവസരം നല്‍കാന്‍ പ്രത്യേക ‘ബ്രിജ് കോഴ്‌സ്’ ആരംഭിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ബില്ലിലുള്ള വ്യവസ്ഥയാണു ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനു കാരണം.

ആയുര്‍വേദം, യോഗാ-പ്രകൃതി ചികിത്സ, യുനാനി, സിദ്ധ തുടങ്ങിയവയാണ് ഇന്ത്യന്‍ മെഡിസിന്‍ കൗണ്‍സിലിനു കീഴില്‍ വരുന്ന ചികിത്സാവിധികള്‍. എംബിബിഎസ് ബിരുദം ഇല്ലാത്തവര്‍ക്കു മെഡിക്കല്‍ പ്രാക്ടീസിന് അവസരം നല്‍കാനുള്ള നീക്കം കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നു. വ്യാജ വൈദ്യത്തിനു നിയമപരിരക്ഷ നല്‍കാനാണു ബില്ലെന്നും അവര്‍ ആരോപിക്കുന്നു.ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.